മലപ്പുറം : എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് പിവി അന്‍വര്‍. അഴിമതിക്കാരനായ എഡിജിപിയെ മുഖ്യമന്ത്രി താലത്തില്‍ വച്ച് കൊണ്ടു നടന്ന് സംരക്ഷിക്കുകയാണെന്നും പാര്‍ട്ടി സഖാക്കള്‍ ഇക്കാര്യം അറിയണമെന്നും പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു.
'എഡിജിപിക്കെതിരെ തെളിവു നല്‍കിയിട്ടും വിജിലന്‍സ് അന്വേഷണത്തിന് 6 മാസം സമയം നല്‍കി. നാല് ഡോക്യൂമെന്റ് ഞാന്‍ ഞാന്‍ ഡിജിപിക്ക് കൊടുത്തു. അജിത് കുമാറിന്റെ കോടിക്കണക്കിന് വിലയുളള പ്രോപ്പര്‍ട്ടി ഡീറ്റേല്‍സാണ് നല്‍കിയത്. കളളപ്പണ ഇടപാടിന്റെ ഭാഗമായിരുന്നു ഇത്. സ്‌പോട്ടില്‍ സസ്‌പെന്‍ഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാര്‍. എന്നാല്‍ തെളിവു നല്‍കിയിട്ടും വിജിലന്‍സ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നല്‍കുകയാണ് ചെയ്തത്. സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട രേഖകളായിരുന്നു ഡിജിപിക്ക് നല്‍കിയത്. അധികാര ദുര്‍വിനിയോഗത്തിലൂടെയാണ് അജിത്ത് കുമാര്‍ എല്ലാം നടത്തിയത്. ഫെബ്രുവരി 19 ാം തിയ്യതി 30 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് 10 ദിവസത്തില്‍ 60 ലക്ഷത്തിന് വിറ്റു. കളളപ്പണം വെളുപ്പിക്കുകയായിരുന്നു. അഴിമതിക്കാരനായ എ.ഡി.ജി പിയെ മുഖ്യമന്ത്രി താലത്തില്‍ വച്ച് കൊണ്ടു നടക്കുകയാണ്.
പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ല. പാര്‍ട്ടിയില്‍ അടിമത്തമാണ്. നേരത്തെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പിണറായിയെ നയിക്കുന്നത് ഉപജാപകസംഘങ്ങളാണ്. പി ശശിയെ കുറിച്ച് നല്ല വാക്ക് പറയാന്‍ പിണറായിക്കേ കഴിയൂ. ഈ നിലയിലാണ് പോക്ക് എങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി. ഒരു റിയാസിനു വേണ്ടി മാത്രമല്ല ഈ പാര്‍ട്ടി. റിയാസിനേയും കൂടെയുള്ളവരേയും താങ്ങി നിര്‍ത്താനുള്ളതല്ല പാര്‍ട്ടി. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.