ഇസ്താബുള്‍: ഇന്നു പുലര്‍ച്ചെ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കവിഞ്ഞു. സിറിയ, തുര്‍ക്കി അതിര്‍ത്തി മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് വിലയിരുത്തുന്നത്. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലായി 111 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സുപ്രധാന നഗരങ്ങളിലെല്ലാം തന്നെ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. വീടുകളില്‍ ധരിക്കുന്ന വസ്ത്രങ്ങളുമായി മഞ്ഞില്‍ നില്‍ക്കുന്ന പരിഭ്രാന്തരായ തുര്‍ക്കിയിലെ ജനങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പ്രാദേശിക സമയം 4.17ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 17.9 കിലോമീറ്റര്‍ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആദ്യത്തെ ഭൂകമ്പത്തിന്റെ തീവ്രതയാണ് 7.4 എന്നാണ് തുര്‍ക്കിയിലെ എഎഫ്എഡി അവശ്യ സേന വിശദമാക്കുന്നത്.
തുര്‍ക്കിയിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഭൂകമ്പത്തില്‍ ഇളക്കം തട്ടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിട നിര്‍മ്മാണം ഇസ്താംബുളിനെ സാരമായി ബാധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2020 ജനുവരിയില്‍ 6.8 തീവ്രതയുള്ള ഭൂകമ്പം എലസിംഗ് മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. നാല്‍പത് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2020 ഒക്ടോബറില്‍ തുര്‍ക്കിയിലെ ഏഗന്‍ തീരമേഖലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 114പേരാണ് കൊല്ലപ്പെട്ടത്. 2022 നവംബറില്‍ വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ 6.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു.നിലവിലെ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. നിരവധി കെട്ടിടങ്ങളാണ് നിലംപൊത്തിയിട്ടുള്ളത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.