തിരുവനന്തപുരത്ത് മൂന്ന്  പേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം; ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി
 


തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുപേര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം, കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാലു പേര്‍ക്കാണ് തിരുവനന്തപുരത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തില്‍ കുളിക്കരുതെന്നും നിര്‍ദേശം നല്‍കി. അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരത്തിന് സ്വയം ചികിത്സ പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 


കെട്ടിക്കിടക്കുന്ന അല്ലെങ്കില്‍ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. 

വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയാണ് കുഞ്ഞുങ്ങളില്‍ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍. 
രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം, വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം, ജലസ്രോതസ്സുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാന്‍ ശ്രദ്ധിക്കണം, മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണ്ണമായും ഒഴിവാക്കണം. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media