ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപക്കുതിപ്പ് 


 സ്വർണത്തിലെ നിക്ഷേപം സുരക്ഷിതമാണെന്നാണു പൊതുവിശ്വാസം. കോവിഡ് വ്യാപനത്തിൽ ആ വിശ്വാസത്തിന് ഒന്നുകൂടി ബലമേറി. മറ്റു നിക്ഷേപങ്ങളിലെ അനിശ്ചിതാവസ്ഥയും ഉയർന്ന റിസ്കും കണക്കിലെടുത്ത് സുരക്ഷിതത്വം തേടുന്ന നിക്ഷേപകർ ഗോൾഡ് ഇടിഎഫിലേക്കു പണമൊഴുക്കുന്നു. 2020-21ൽ 6,900 കോടി രൂപയിലേറെയാണ് ഗോൾഡ് എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ട്സു(ഇടിഎഫ്)കളിലേക്ക് ഒഴുകിയത്. മുൻ സാമ്പത്തിക വർഷത്തെക്കാൾ നാലു മടങ്ങിലേറെ! 

2019-20ൽ 1,614 കോടി രൂപയാണ് രാജ്യത്ത് ഗോൾഡ് ഇടിഎഫുകളിൽ നിക്ഷേപിക്കപ്പെട്ടതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (എഎംഎഫ്ഐ) പറയുന്നു. 20-21ൽ 14 ഗോൾഡ് ഇടിഎഫുകളിലായി അറ്റ നിക്ഷേപം 6,919 കോടിയായി. 2013-14 മുതൽ ഗോൾഡ് ഇടിഎഫുകളിൽ നിന്ന് പണം പുറത്തേക്കു പോകുന്നതിനായിരുന്നു മുൻതൂക്കം. ആ ട്രെൻഡ് മാറിയത് 19-20ലാണ്. എന്നാൽ, ഈ മാർച്ചിൽ അവസാനിച്ച മുൻ വർഷത്തെ അത്രയും അറ്റ നിക്ഷേപം പുതിയ സാമ്പത്തിക വർഷം സ്വർണത്തിൽ ഉണ്ടാവണമെന്നില്ലെന്നും വിദഗ്ധർ. കോവിഡ് സാഹചര്യം എങ്ങനെയാവും എന്നതിനെ അപേക്ഷിച്ചിരിക്കും ഇതിലെ അന്തിമ ഫലം. രാജ്യത്ത് വൈറസിന്‍റെ രണ്ടാം വ്യാപനം രൂക്ഷമായതോടെ വ്യവസായ- വാണിജ്യ- നിക്ഷേപ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, വാക്സിൻ വിതരണം ഊർജിതമായി നടക്കുന്നതു വൈറസിനെ പിടിച്ചുകെട്ടാനാവുമെന്ന പ്രതീക്ഷയും നൽകുന്നു. ബിസിനസ് രംഗം സജീവമാവുമ്പോൾ സ്വർണത്തിലെ നിക്ഷേപത്തിന് ഇടിവുണ്ടാകാം. 
2018-19ൽ 412 കോടി രൂപയുടെ അറ്റ പിൻവലിക്കലാണ് ഗോൾഡ് ഇടിഎഫുകളിലുണ്ടായത്. 2017-18ൽ 835 കോടി രൂപയുടെയും 2016-17ൽ 775 കോടി രൂപയുടെയും പിൻവലിക്കൽ ഉണ്ടായി. 2015-16ൽ 903 കോടി, 2014-15ൽ 1,475 കോടി, 2013-14ൽ 2,293 കോടി രൂപ വീതം അറ്റ പിൻവലിക്കലാണ് ഉണ്ടായത്. അതേസമയം, 2012-13ൽ 1,414 കോടിയുടെ അറ്റ നിക്ഷേപമുണ്ടായിരുന്നു. ഓഹരികളിൽ നിന്നു മെച്ചപ്പെട്ട പ്രതിഫലം ലഭിക്കുമെന്നു വന്നപ്പോഴാണു പലരും സ്വർണം വിട്ട് ഓഹരി വിപണികളിലേക്കു തിരിഞ്ഞത്. ഓഹരികളിൽ റിസ്ക് കൂടിയപ്പോൾ വീണ്ടും സ്വർണത്തിൽ സുരക്ഷിതത്വം കണ്ടെത്തുന്നു. കൊവിഡും ലോക് ഡൗണും എല്ലാം മൂലം നേരിട്ടു കടകളിലെത്തി സ്വർണം വാങ്ങി സൂക്ഷിക്കാൻ കഴിയാത്തവരും ഇടിഎഫുകളെ ആശ്രയിച്ചുവെന്നു വിദഗ്ധർ. കഴിഞ്ഞ വർഷം സ്വർണ വിലയിലുണ്ടായ കുതിപ്പും ഇടിഎഫുകളെ ആകർഷകമാക്കി. സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കു കുറയുന്നത് സ്വർണത്തിന് മറ്റൊരു അനുകൂല ഘടകമായി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media