കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലിയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍, എംകെ രാഘവന്‍ എംപി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ കേട്ടുകേള്‍വി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നല്‍കിയത് സിപിഎം ആണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോണ്‍ഗ്രസ് വോട്ടര്‍മാരെ അനുവദിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു. പൊലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷ്ണര്‍ വിളിച്ചപ്പോള്‍ ഫോണ്‍ പോലും എടുത്തില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപിഎം ആക്രമണത്തില്‍ പരിക്കുപറ്റി. വനിത വോട്ടര്‍മാരെ കയ്യേറ്റം ചെയ്തു. വോട്ടര്‍മാരല്ലാത്ത സിപിഎം പ്രവര്‍ത്തകര്‍ പുലര്‍ച്ചെ നാലു മണിയോടെ എത്തി. പലരും വ്യാജ ഐഡി കാര്‍ഡുമായാണ് വന്നത്. കൂടുതല്‍ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ലെന്നും സിപിഎം നടത്തിയത് കണ്ണൂര്‍ മോഡല്‍ ആക്രമണമാണെന്നും നേതാക്കള്‍ പറഞ്ഞു. പൊലീസിനും സഹകരണ വകുപ്പിനുമെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പു റദ്ദാക്കണം എന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ പറഞ്ഞു പറഞ്ഞു.
രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി. ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. അതേസമയം വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചും മറ്റും കോണ്‍ഗ്രസാണ് കള്ളവോട്ടിനു നേതൃത്വം നല്‍കുന്നതാണ് സിപിഎമ്മിന്റെ ആരോപണം.