സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോവളം ഒരുങ്ങുന്നു; മന്ത്രി മുഹമ്മദ് റിയാസ്
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോവളം ഒരുങ്ങുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുമ്പോഴേക്കും കോവളം അതിന്റെ ആകര്‍ഷണീയത വീണ്ടെടുക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിദേശികളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കോവളത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ മെയ് 26 ന് കോവളം സന്ദര്‍ശിച്ചിരുന്നു. കടലാക്രമണം കാരണം നടപ്പാതകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു. തുടര്‍ന്ന് കോവളം രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളും തീരസംരക്ഷണവും കാലതാമസമില്ലാതെ നടപ്പാക്കുവാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.
ജൂലൈ 26 ന് വീണ്ടും കോവളം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നു.
ഇതിന്റെ ഭാഗമായി ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്റെ നഷ്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള തീരുമാനങ്ങളാണ് യോഗത്തില്‍ കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി പൊട്ടിപ്പൊളിഞ്ഞ നടപ്പാത പുതുക്കി പണിതിട്ടുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ നടപ്പാത ഭംഗിയായി പുതുക്കി പണിയാന്‍ നേതൃത്വം നല്‍കിയവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.