ദില്ലി: യുക്രൈന്‍ - റഷ്യ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഇന്ത്യ നിലപാട് അറിയിച്ചു. യുക്രൈനിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം. പ്രശ്‌നങ്ങള്‍ നയതന്ത്ര ഇടപെടലുകളിലൂടെ പരിഹരിക്കണം. യുക്രൈനിന് മരുന്ന് അടക്കമുള്ള സഹായം ഇന്ത്യ എത്തിക്കും. പ്രഥമ പരിഗണന ഇന്ത്യന്‍ പൗരന്മാരെ പുറത്തെത്തിക്കുന്നതിനെന്നും ഇന്ത്യ യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കി.
യുക്രൈനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപറേഷന്‍ ഗംഗ രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് യുക്രൈനിന്റെ അതിര്‍ത്തിരാജ്യങ്ങളിലേക്കെത്തും. രണ്ട് ദിവസം കൊണ്ട് പതിമൂന്നിലേറെ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിക്കുന്നത്. യുക്രൈന് പ്രഖ്യാപിച്ച മരുന്നുള്‍പ്പെടെയുള്ള സഹായങ്ങളുമായി വ്യോമ സേന വിമാനം ഇന്ന് ഇന്ത്യയില്‍ നിന്ന് തിരിച്ചേക്കും. ഹംഗറിയില്‍ നിന്നും റൊമേനിയയില്‍ നിന്നും ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങള്‍ എത്തും.സ്പൈസ് ജെറ്റിന്റെ വിമാനം നാളെയാകും എത്തുക. ഇതുവരെ 1396 ഇന്ത്യക്കാരെയാണ് രാജ്യത്തെത്തിച്ചത്.ഇതില്‍ 131 പേര്‍ മലയാളികളാണ്. യുക്രൈനില്‍ നിലവില്‍ 3493 മലയാളികള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് നോര്‍ക്ക് റൂട്ട്‌സിന്റെ കണക്ക്