രാജ്യത്ത് 22 സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു; 92 ശതമാനം അധ്യാപകര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം


ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ദീര്‍ഘകാലം അടച്ചിടലിന് ശേഷം രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും   മിക്ക വിദ്യാലയങ്ങളും തുറന്നു. ഇന്ത്യയിലെ 92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അതിവേഗ വാക്‌സിനേഷന്‍ പദ്ധതിയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ  മന്ത്രാലയം പുറത്തു വിട്ട കണക്ക് അനുസരിച്ച് രാജ്യത്തുടനീളമുളള 92 ശതമാനം അധ്യാപകരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ അധ്യാപകരില്‍ 96 ശതമാനമാണ് വാക്‌സിന്‍ സ്വീകരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധ്യാപക ജീവനക്കാരില്‍ 86 ശതമാനം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഈ ഡേറ്റയില്‍ പറയുന്നു. 

സ്‌കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നൈപുണ്യ വികസന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ അവലോകനം ചെയ്തു. രാജ്യത്ത് അതിവേഗ വാക്‌സിനേഷന്‍ പ്രോഗ്രാം നടപ്പാക്കുന്നതിലൂടെ, സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണ നിലയിലേക്ക് എത്തിച്ചേരുന്ന ഒരു ഭാവികാലത്തെക്കുറിച്ചാണ് പ്രത്യാശിക്കുന്നത്. ധര്‍മ്മേന്ദ്ര പ്രധാന്‍ ട്വീറ്റില്‍ കുറിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യത്തുടനീളമുള്ള സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളം അടച്ചിടാന്‍ തീരുമാനിച്ചത്. 

കഴിഞ്ഞ ഒക്ടോബറില്‍ മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കായി ചില സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്നെങ്കിലും ഈ വര്‍ഷം ഏപ്രിലില്‍ കൊവിഡിന്റെ രണ്ടാം തരംഗം വന്നതിനെ തുടര്‍ന്ന് വീണ്ടും അടച്ചിടേണ്ടി വന്നു. കഴിഞ്ഞ നാലുമാസത്തിനുള്ളിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ ആരംഭിച്ചത്. ദില്ലി. ഉത്തര്‍പ്രേദേശ്, ഹരിയാന, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരളം, ഛത്തീസ്ഗണ്ഡ്, അസം, അരുണാചല്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ എല്ലാ സ്‌കൂളുകളിലെ എല്ലാ ക്ലാസുകളും തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

ജമ്മു കശ്മീര്‍, ഒഡീഷ, അരുണാചല്‍, ഗോവ, പുതുച്ചേരി എന്നിവയുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. ലഡാക്ക്, ഗുജറാത്ത്, പഞ്ചാബ്, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ് എന്നിവയുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠനം ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, പശ്ചിമ ബംഗാളിലും മണിപ്പൂരും മാത്രമാണ് ഇതുവരെ സ്‌കൂളുകള്‍ തുറക്കാത്തത്. നവംബര്‍ 16 മുതല്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ തുറക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചെങ്കിലും മണിപ്പൂര്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media