ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളെ ലയനം നിബന്ധനകൾക്ക് വിധേയമായി തുടരാം : ആര്‍ബിഐ.
ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളുമായി ലയിപ്പിക്കുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ നിബന്ധനകൾക്ക് വിധേയമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഇതിനായി ഒരു നിർദ്ദേശം നൽകണമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. ബാങ്കുകളുടെ ലയനത്തിന് റിസർവ് ബാങ്ക് ആയിരിക്കും അന്തിമ അനുമതി നൽകേണ്ടത്. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളുമായി സംയോജിപ്പിക്കാൻ ഏതാനും സംസ്ഥാന സർക്കാരുകൾ സമീപിച്ചതിനെത്തുടർന്നാണ് കേന്ദ്ര ബാങ്ക് മാർഗനിർദേശങ്ങൾ പുറത്തുവിട്ടത്.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിയമപരമായ വശങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷം സംസ്ഥാനത്തെ ഒന്നോ അതിലധികമോ ജില്ലാ സഹകരണ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കാന്‍ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകുന്നതോടെ ആർബിഐ ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കും. കൂടാതെ, ഒരു അധിക മൂലധന ഇൻഫ്യൂഷൻ തന്ത്രം, ആവശ്യമെങ്കിൽ സാമ്പത്തിക സഹായം സംബന്ധിച്ച ഉറപ്പ്, വ്യക്തമായ ലാഭക്ഷമതയുള്ള പ്രൊജക്റ്റ് ബിസിനസ് മോഡൽ, സംയോജിത ബാങ്കിനായി നിർദ്ദിഷ്ട ഭരണ മാതൃക എന്നിവ ഉണ്ടായിരിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
ഈ പദ്ധതി നടപ്പിലാക്കാൻ ഭൂരിപക്ഷം ഓഹരിയുടമകളും അംഗീകാരം നൽകേണ്ടതുണ്ട്. കൂടാതെ, നബാർഡ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം പരിശോധിക്കുകയും ശുപാർശ ചെയ്യുകയും വേണം. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളുമായി ലയിപ്പിക്കുന്നതിനുള്ള നിർദ്ദേശം റിസർവ് ബാങ്ക് നബാർഡുമായി ആലോചിച്ച് പരിശോധിക്കും, അനുമതി അല്ലെങ്കിൽ അംഗീകാരം രണ്ട് ഘട്ടങ്ങളായുള്ള പ്രക്രിയയായിരിക്കും, "-റിസര്‍വ് ബാങ്കിന്‍റെ മാർഗ്ഗനിർദ്ദേശത്തില്‍ പറയുന്നു. നബാർഡിനെയും ആർബിഐയെയും കംപ്ലയിൻസ് റിപ്പോർട്ടിനൊപ്പം അന്തിമ അംഗീകാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമീപിക്കേണ്ടത്.