കൊച്ചി: ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങള്‍ തേടി കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോണ്‍ കോളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചി ഹാര്‍ബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നാണ് അറിയുന്നത്. സംശയത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍ മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രാഘവന്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം ഫോണ്‍ കോള്‍ വന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞാണ് കൊച്ചി നാവികസേനയിലേക്ക് ഫോണ്‍ കോളെത്തിയത്. ഐ എന്‍ എസ് വിക്രാന്തിന്റെ ലൊക്കേഷനെവിടെയാണെന്നായിരുന്നു തിരക്കിയത്. നേവല്‍ ബേസ് അധികൃതരുടെ പരാതിയില്‍ കൊച്ചി ഹാര്‍ബര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്ന സാഹചര്യത്തിലാണ് കോള്‍ വന്നത്. അതിനാല്‍ തന്നെ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് നമ്പറുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, കസ്റ്റഡിയിലെടുത്തെന്ന വിവരം പൊലീസ് നിഷേധിച്ചിട്ടുണ്ട്.