ദില്ലി: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്നു. ടെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ടെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട നെതന്യാഹു, വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നും അവകാശപ്പെട്ടു.
യൂറോപ്പ് വരെയെത്തുന്ന മിസൈല്‍ ഇറാന്റെ പക്കലുണ്ടെന്നും യൂറോപ്പും ഇറാന്റെ ഭീഷണിയിലാണെന്നുമാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. നാളെ യൂറോപ്പിലെ രാജ്യങ്ങളടക്കം നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണിയെ ഞങ്ങള്‍ ഇന്നുതന്നെ നേരിടുകയാണെന്നാണ് ഇറാനെതിരായ നടപടിയില്‍ ഇസ്രയേലിന്റെ ന്യായീകരണം.ഇറാന്‍-ഇസ്രായേല്‍ ഏറ്റുമുട്ടല്‍ കൂടുതല്‍ രക്തരൂക്ഷിതമായ ആക്രമണങ്ങളിലേക്ക് കടന്നിരിക്കെയാണ് ടെഹ്‌റാനിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ആക്രമണങ്ങളില്‍ ഇറാനില്‍ മരണ സംഖ്യ 200 കടന്നു. ഇതിനോടകം ഇറാന്‍ 370 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലി നഗരങ്ങളില്‍ ഇന്നലെ രാത്രി നടത്തിയ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടു. ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തിനാലായി. ടെല്‍ അവീവിലെ അമേരിക്കന്‍ എംബസിയില്‍ ഇറാന്റെ മിസൈല്‍ പതിച്ച് കേടുപറ്റി.