കോഴിക്കോട്: കേരളത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മെയ് 26 ഓടെ കാലവര്‍ഷം എത്താനാണ് സാധ്യത. മെയ് 20 മുതല്‍ 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ മുതല്‍ 4.5 കിലോമീറ്റര്‍ വരെ ഉയരത്തിലായി തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് ലക്ഷദ്വീപ്, വടക്കന്‍ കേരളം, കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങള്‍, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.