കല്‍പ്പറ്റ: വയനാട് കോളിയാടിയിലെ ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക. നേരത്തെ സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായിരുന്നു രോഗ ലക്ഷണം കണ്ടിരുന്നത്. ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം. സ്‌കൂളിലെ കുട്ടികളുടെ സമ്പര്‍ക്കം വഴി രോഗലക്ഷണങ്ങള്‍ കണ്ടവരുടെ എണ്ണം 18 ആയി. ഇവരുടെ സമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
നേരത്തെ പരിശോധനക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടനെ ലഭിക്കും. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലാണ് ഷിഗെല്ലെ പടര്‍ന്നത്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യുന്നുണ്ട്. സ്‌കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവില്‍ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.