കോവിഡ് മുന്നണി പോരാളികള്‍ക്ക് ഓഫറുമായി യമഹ
കോവിഡ് മുന്നണി പോരാളികള്‍ക്ക് പ്രത്യേക ഓഫറുമായി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ യമഹ. കോവിഡ് മുന്നണി പോരാളികള്‍ യമഹ ഫാസിനോ 125 അല്ലെങ്കില്‍ റേ ZR 125 വാങ്ങുമ്പോള്‍ 5,000 രൂപ വരെ ക്യാഷ്ബാക്കാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഓഫര്‍.
'ഗ്രാറ്റിറ്റിയൂഡ് ബോണസ്' എന്ന് വിളിക്കുന്ന ഈ പദ്ധതി പ്രകാരം, ശുചിത്വ തൊഴിലാളികള്‍, മെഡിക്കല്‍ സ്റ്റാഫ്, പൊലീസ്, സായുധ ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര പോരാളികള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.
ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പുനെ എന്നീ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രമേ 'ഗ്രാറ്റിറ്റിയൂഡ് ബോണസ്' പദ്ധതി ലഭ്യമാകുമെന്നും ഈ ഓഫറിന്റെ കാലാവധി 2021 ജൂലൈ ഒന്ന് മുതല്‍ ജൂലൈ ഏഴ് വരെയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
യമഹ റേ ZR 125, ഫാസിനോ 125 എന്നീ രണ്ട് സ്‌കൂട്ടറുകള്‍ക്കും ഒരേ 125 സിസി എഞ്ചിനൊപ്പം പുതിയ ഹൈബ്രിഡ് പവര്‍ അസിസ്റ്റും അടുത്തിടെ ലഭ്യമാക്കിയിരുന്നു. മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ ജനറേറ്റര്‍ (SMG) സവിശേഷതയും വാഹനത്തിന്റെ പ്രത്യേകതയാണ്. പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, അപ്‌ഡേറ്റുചെയ്ത ഗ്രാഫിക്‌സ് എന്നിവയും യമഹ ഇരുമോഡലുകള്‍ക്കും നല്‍കിയിട്ടുണ്ട്. 72,030 മുതല്‍ 75,530 രൂപ വരെയാണ് യമഹ ഫാസിനോ 125 ദില്ലി എക്സ്ഷോറൂം വില . യമഹ റേ ZR 125ന് 73,330 മുതല്‍ 76,330 രൂപ വരെയാണ് ദില്ലി എക്സ്ഷോറൂം വില.