പോക്‌സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി; അഞ്ജലിക്കെതിരെ പുതിയ കേസ്



 
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളായ അഞ്ജലി റീമ ദേവിനെതിരെ  കൊച്ചിയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. പോക്‌സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി സൈബര്‍ സെല്‍ ആണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു. 

പ്രായപൂര്‍ത്തിയാകാത്ത  മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഞ്ജലി പറഞ്ഞത്. പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയെ അപമാനിച്ച്  പ്രതികളില്‍ ഒരാളായ അഞ്ജലി തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ അഞ്ജലിയുടെ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തി. ഇക്കാര്യം പോലീസിനെ അറിയിച്ച തന്നെ അഞ്ജലിയുടെ ബന്ധു ഭീഷണിപ്പെടുത്തി. മകളെ  ഇല്ലാത്ത ആരോപണങ്ങളിലേക്ക്  വലിച്ചിഴച്ച് കേസ് പിന്‍വലിപ്പിക്കാനാണ് അഞ്ജലി ശ്രമിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.


കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് അടക്കം മൂന്ന് പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തിങ്കളഴ്ച പരിഗണിക്കും. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ റോയ് വയലാട്ട്  അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും  തിങ്കളാഴ്ച്ച വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  പണം തട്ടലാണ് പരാതിക്ക് പിന്നിലുള്ള ലക്ഷ്യമെന്നും ബെന്നി എന്നയാളെ പരാതിക്കാരി സാമ്പത്തിക തട്ടിപ്പ് കേസില്‍ നേരത്തെ കുടുക്കിയിട്ടുണ്ടെന്നും പ്രതിഭാഗം അറിയിച്ചു. മോഡലുകളുടെ അപകടമരണ കേസിന് ശേഷം ചിലര്‍ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് പുതിയ കേസെന്നും റോയ് വയലാട്ട് പറഞ്ഞു. എന്നാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം എടുക്കുന്നത് പരാതിക്കാരിയുടെ ഭാഗം കൂടി കേട്ട് വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media