വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു;
മന്ത്രി രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രിംകോടതി വിധിയില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപെട്ട് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍്ര്രഗസ് എംഎല്‍എ പി.ടി.തോമസ് നല്‍കിയ അടിയന്തരപ്രമേയാനുമതിയെ ചൊല്ലിയാണ് നിയമസഭയില്‍ ഇരുപക്ഷങ്ങളും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത്.സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാന്‍ പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ടെന്ന് അടിയന്തര പ്രമേയത്തിനെതിരെ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ രംഗത്ത് എത്തി. കോടതി വരാന്തയില്‍ നിന്ന് വാദിക്കുന്ന ചില അഭിഭാഷകരെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഇതിനിടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
സുപ്രിം കോടതി വിധി അംഗികരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അവകാശമുഉണ്ടോയെന്ന കാര്യമാണ് കോടതിയില്‍ പരിഗണിക്കപെട്ടതെന്നും മുഖ്യന്ത്രി പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാന്‍ പ്രോസിക്യൂട്ടര്‍ക്ക് അവകാശമുണ്ട്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമല്ല. പൊതുതാത്പര്യം മുന്‍ നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്. ഇത് ദുരുദ്ദേശപരമല്ല. സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. കോടതി വിധിയില്‍ സ്വാഭാവികമായ തുടര്‍ നടപടിയുണ്ടാകും. രാഷ്ട്രീയം പ്രക്ഷുബ്ധമല്ലാതാകുമ്പോള്‍ ഇതുപോലുള്ള കേസുകള്‍ പിന്‍വലിക്കുന്നതില്‍ തെറ്റില്ല.
നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. നിയമസഭയിലെ വനിതാ അംഗങ്ങളുടെ പരാതി അന്നു തന്നെ പൊലീസിന് നല്‍കിയതാണ്. നിയമസഭയുടെ അന്തസ്സിന് ചേരാത്ത കാര്യത്തില്‍ നടപടിക്ക് സ്പീക്കര്‍ക്ക് അധികാരമുണ്ട്. ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായത്. വനിത എംഎല്‍എമാര്‍ക്ക് എതിരായ അതിക്രമത്തില്‍ ക്രിമിനല്‍ കേസ് നല്‍കിയിട്ടില്ല. സഭാ അംഗങ്ങള്‍ക്ക് ചില പ്രത്യേക അധികാരം ഉണ്ട്. അത്തരത്തിലുള്ള പൊലീസ് നടപടികളും കോടതി വ്യവഹാരങ്ങളും സഭയ്ക്ക് നല്ലതാണോ എന്ന് ചിന്തിക്കണം.ഇന്ത്യന്‍ സഭ ചരിത്രത്തില്‍ കേട്ടു കേള്‍വി ഇല്ലാത്ത നടപടിക്കാണ് യുഡിഫ് ശ്രമിച്ചത്. ഇതൊരു പുതിയ സംഭവമായി ചിത്രീകരിക്കേണ്ടതില്ല. പാമോലിന്‍ കേസ് പിന്‍വലിച്ച സംഭവം നമ്മുടെ മുന്നിലുണ്ട്. സുപ്രിംകോടതി അതിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അഴിമതി കേസ് പിന്‍വലിച്ചവരാണ് പുതിയ ന്യായികരണവുമായി വന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ലീലാ വിലാസം എന്താണെന്ന് നമ്മുക്കറിയാല്ലോ.
ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയത്തില്‍ സുപ്രിം കോടതി ആരേയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. സഭയിലെ കാര്യങ്ങള്‍ കേസിലേക് വലിച്ചിഴച്ചത് ശരിയല്ല. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ പാടില്ല. അന്ന് സ്പീക്കര്‍ തന്നെ പ്രതികളായ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതാണ്. സഭയിലെ കാര്യങ്ങള്‍ സഭയില്‍ തീരണം എന്നതാണ് രാജ്യത്തെ രീതി. സഭയിലെ പ്രശ്‌നങ്ങളില്‍ സ്പീക്കര്‍ നടപടി എടുത്തതാണ്. രാജിയുടെ പ്രശ്‌നം പോലും ഇവിടെ ഉദിക്കുന്നില്ല. ആരേയും സുപ്രിം കോടതി വിധിയില്‍ പേരെടുത്ത് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ കൂട്ടിച്ചേര്‍ത്തു.
കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത വെള്ളിയാഴ്ചയാണത്.ഈ സംഭവം സഭയ്ക്ക് ആകെ നാണക്കേട് ഉണ്ടാക്കിയെന്ന് പി.ടി. തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കേട്ടപ്പോള്‍ പ്രതിപക്ഷമാണോ പ്രതികള്‍ എന്ന് സംശയിച്ചു പോയി. ഞങ്ങളാണോ കോടതിയില്‍ പോയതെന്ന് തോന്നും മുഖ്യമന്ത്രിയുടെ ന്യായം പറച്ചില്‍ കേട്ടാല്‍. കെഎം മാണിയുടെ ആത്മാവ് ഈ വിധിയില്‍ സന്തോഷിക്കും. ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെയാണ് 2015-ലെ ബജറ്റ് ദിനത്തില്‍ ശിവന്‍കുട്ടി നിയമസഭയില്‍ അഴിഞ്ഞാടിയത്. 2,20,093 രൂപയുടെ നഷ്ടമുണ്ടായി.
ശിവന്‍കുട്ടിയുടെ ഉറഞ്ഞു തുള്ളല്‍ വിക്ടേഴ്സ് ചാനലില്‍ കുട്ടികളെ കാണിക്കാവുന്നതാണ്. ആശാനക്ഷരമൊന്ന് പിഴച്ചാല്‍ എന്ന ചൊല്ല് പിണറായിയും ശിവന്‍കുട്ടിയെയും പറ്റിയാണ്. വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാര്‍ത്ഥികളുടെ മാതൃകയാക്കാന്‍ കഴിയുമോ. അധ്യാപകര്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുമോ? ഇതൊക്കെ കാണിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ കോരിത്തരിക്കും. പൊതു മുതല്‍ നശിപ്പിച്ച മന്ത്രിക്ക് എങ്ങനെ ജനങ്ങളെ സംരക്ഷിക്കാനാകും. പൊതു മുതല്‍ നശിപ്പിച്ച മന്ത്രിക്ക് എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാകുമെന്നും പി ടി തോമസ് ആരോപിച്ചു.