ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ തിരിച്ചടി. രാഹുല്‍ ചെയ്തത് ഗുരുതര കുറ്റം തന്നെയെന്ന് ഹൈക്കോടതി വിലയിരുത്തി. ഗുജറാത്ത് ഹൈക്കോടതി വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം പുറത്ത്. പാര്‍ലമെന്റ് അംഗം എന്ന നിലയ്ക്കും രണ്ടാമത്തെ വലിയ പാര്‍ട്ടിയുടെ അധ്യക്ഷനെന്ന നിലയ്ക്കും രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റമാണ്. ഇത് വ്യക്തിപരമായ ഒരു മാനനഷ്ടക്കേസല്ല, ഒരു വലിയ വിഭാഗത്തെ അപമാനിച്ച കേസാണ്. മോദി എന്നത് വ്യക്തമായ സമുദായമല്ലെന്ന വാദം നിലനില്‍ക്കില്ല. രാഹുലിനെതിരെ പത്തോളം ക്രിമിനല്‍ കേസുകളുണ്ട്. രാഷ്ട്രീയത്തില്‍ സംശുദ്ധി അത്യന്താപേക്ഷിതമാണ്. ജനപ്രതിനിധിക്ക് കളങ്കിത ചരിത്രമുണ്ടാവരുത്. രാഹുല്‍ കുറ്റം ആവര്‍ത്തിക്കുന്നുവെന്നും വിധിയില്‍ പറയുന്നു.
മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരിക്കുന്നത്. രാഹുലിന്റെ അയോഗ്യത തുടരും. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 10 ലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെയുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായും കോടതി നിരീക്ഷിച്ചു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളന്‍മാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് കേസ് നല്‍കിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹര്‍ജിയില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വര്‍ഷം തടവ് വിധിച്ചതോടെയാണ് രാഹുല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയിലെത്തിയത്.