ഡിജിറ്റല്‍ കറന്‍സി സ്വീകരിക്കാന്‍ ആമസോണ്‍ ഒരുങ്ങുന്നു
മുംബൈ: ഇ-കൊമേഴ്‌സ് മേഖലയിലെ ഭീമന്‍ കമ്പനിയായ ആമസോണ്‍ ഡിജിറ്റല്‍ കറന്‍സി സ്വീകരിക്കാനൊരുങ്ങുന്നു. ബിറ്റ്‌കോയിന്‍ പോലുള്ള കറന്‍സികള്‍ ഉല്‍പ്പന്നങ്ങളുടെ വിലയായി ഈടാക്കാനാണ് പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ കറന്‍സി ആന്റ് ബ്ലോക്ക്ചെയിന്‍ പ്രൊഡക്ട് ലീഡിനെ കമ്പനിയുടെ ഭാഗമാക്കാനൊരുങ്ങുകയാണ് ആമസോണ്‍.
ഈ പ്രൊഡക്ട് ലീഡിനായി കമ്പനി പരസ്യവും പുറത്തിറക്കി. പുതുതായി ചുമതലയേറ്റെടുക്കുന്നയാള്‍ ആമസോണിലെ എല്ലാ വിഭാഗങ്ങളുമായും അടുത്തിടപഴകും. കസ്റ്റമര്‍ എക്‌സ്പീരിയന്‍സ്, ടെക്‌നിക്കല്‍ സ്ട്രാറ്റജി, ലോഞ്ച് സ്ട്രാറ്റജി എന്നിവയെ കുറിച്ച് പഠിച്ച് രൂപകല്‍പ്പന നടത്തും.
ഇതുവരെ ആമസോണ്‍ ഡിജിറ്റല്‍ കറന്‍സിയെ ഒരു പേമെന്റ് ഓപ്ഷനായി സ്വീകരിച്ച് തുടങ്ങിയിട്ടില്ല. ക്രിപ്‌റ്റോകറന്‍സി രംഗത്ത് നടക്കുന്ന മുന്നേറ്റങ്ങള്‍ പരിഗണിച്ചാണ് ആമസോണും ഇത്തരമൊരു മാറ്റത്തിനൊരുങ്ങുന്നതെന്നാണ് കമ്പനിയുടെ പ്രതികരണം.