വാരാന്ത്യത്തില്‍ തകര്‍ന്നടിഞ്ഞ് വിപണി;സെന്‍സെക്‌സ്
1,688 പോയിന്റ് ഇടിഞ്ഞു; നഷ്ടം ലക്ഷം കോടികള്‍
വാരാന്ത്യം തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. 900 പോയിന്റോളം പ്രീ സെക്ഷനില്‍ നഷ്ടം നേരിട്ട സെന്‍സെക്സ് ഒരു സമയത്തുപോലും തിരിച്ചുവരവിന് ശ്രമിച്ചില്ല. ഏഷ്യന്‍ വിപണികളില്‍ പുതിയ കോവിഡ് വകഭേദം സ്ഥിതീകരിച്ചതും എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളുമാണ് പ്രധാന വെല്ലുവിളിയായത്. ജപ്പാന്‍ ഓഹരി സൂചികയായ നിക്കി 2.74 ശതമാനവും ഹാങ്സാങ് രണ്ടു ശതമാനവും ഓസ്ട്രേലിയന്‍ എസ് ആന്‍ഡ് പി എ.എസ്.എക്സ് 1.33 ശതമാനവും തകര്‍ന്നു. സെന്‍സെക്സിന്റെ ഇന്നത്തെ നഷ്ടം 2.87 ശതമാനമാണ്. രാജ്യാന്തര വിപണികളുടെ പിന്‍മാറ്റം വിദേശനിക്ഷേപകരെ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. വാരാന്ത്യമായതും വില്‍പ്പന സമ്മര്‍ദത്തിന് ആക്കം കൂട്ടി. സെന്‍സെക്സ് 1,687 പോയിന്റ് ഇടിഞ്ഞ് 57,107.15ലും നിഫ്റ്റി 509.80 പോയിന്റ് തകര്‍ന്ന് 17,026.45 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞമാസം 19ന് സെന്‍സെക്സ് സര്‍വകാല റെക്കോഡായ 62,245 ലെത്തിയിരുന്നു. ഒരു മാസം പിന്നിടുമ്പോള്‍ സെന്‍സെക്സിലെ ഇടിവ് 5,000 പോയിന്റിനു മുകളിലാണ്. ഈ ആഴ്ച മാത്രം സൂചിക 2,000 പോയിന്റോളം ഇടിഞ്ഞു. നിഫ്റ്റി ഒരു മാസത്തിനിടെ 1,570 പോയിന്റോളം ഇടിഞ്ഞു. ഒരു മാസത്തിനിടെ നിക്ഷേപകരുടെ നഷ്ടം 15 ലക്ഷം കോടിയോളമാണ്. പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുകയാണെന്നാണു റിപ്പോര്‍ട്ട്. കാര്യങ്ങള്‍ കൈവിട്ടാല്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ക്ഡൗണിലേക്കു നീങ്ങും. ഇതു വിപണികള്‍ക്കു തിരിച്ചടിയാണ്. യൂറോപ്പ് മേഖലയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഓസ്ട്രേലിയ ലോക്കഡൗണ്‍ നടപടികളിലേക്കു കടന്നതും കനത്ത തിരിച്ചടിയാണ്. യു.കെ, ഇസ്രായേല്‍ തുടങ്ങിയവര്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ നാല്ലെണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഡോ. റെഡ്ഡീസ്, നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, ടി.സി.എസ്. എന്നിവയാണ് ആ ഓഹരികള്‍. റിലയന്‍സ്, ഐ.ടി.സി, സണ്‍ഫാര്‍മ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, കോട്ടക് ബാങ്ക്, എച്ച്.സി.എല്‍. ടെക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, അള്‍ട്രാടെക് സിമെന്റ്, എന്‍.ടി.പി.സി, എച്ച്.ഡി.എഫ്.സി, മഹീന്ദ്ര, എസ്.ബി.ഐ.എന്‍, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ഐ.സി.ഐ.സി.ഐ. ബാങ്ക്, മാരുതി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം ഇന്നു വിപണികളില്‍ ലിസ്റ്റ് ചെയ്ത ടാര്‍സണ്‍സ് പ്രൊഡക്ട്സ് ലിമിറ്റഡ് മിന്നും പ്രകടനം കാഴ്ചവച്ചു. 818.40 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. തുടക്കം മുതല്‍ ഓഹരികള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നു. ഐ.പി.ഒയ്ക്ക് 77.49 ശതമാനം ആവശ്യക്കാരുണ്ടായിരുന്നു. റീട്ടെയില്‍ വാഭാഗത്തില്‍ 10.56 ശതമാനം ആവശ്യപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും ഓഹരികള്‍ മുന്നേറുമെന്നാണു വിലയിരുത്തല്‍. രാകേഷ് ജുന്‍ജുന്‍വാലയുടെ സ്റ്റാര്‍ ഹെല്‍ത്ത് ഐ.പി.ഒ. ഈ മാസം 30ന് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കും. ഡിസംബര്‍ രണ്ടു വരെയാണ് ഓഹരികള്‍ സ്വന്തമാക്കാന്‍ അവസരമുള്ളത്. 870- 900 രൂപയാണ് ഓഹരികള്‍ക്കു വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഇന്‍ഷുറന്‍സ് ദാതാക്കള്‍ എന്ന നിലയിലും രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്‍ബലവും ഐ.പി.ഒയ്ക്കു കരുത്തേകും.
പണപ്പെരുപ്പ ഭീതി വിപണികളില്‍ ഇപ്പോഴും സജീവമാണ്. ലാഭമെടുപ്പ് കടുക്കാനുള്ള കാരണങ്ങളിലൊന്നും ഇതാണ്. രാജ്യാന്തര വിപണികളുടെ നീക്കങ്ങളാകും നിര്‍ണായകമായി. രാജ്യത്തിന്റെ വിദേശ കരുതല്‍ ധനശേഖരം ഇടിയുന്നതു വിപണികളുടെ കരുത്തു ചോര്‍ത്തുന്ന ഘടകമാണ്. കരുതല്‍ ധനശേഖരം 76.3 കോടി ഡോളര്‍ ഇടിഞ്ഞ് 64,011.2 കോടി ഡോളറിലെത്തിയെന്നു ആര്‍.ബി.ഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്നലെ 6.5 ശതമാനത്തോളം നേട്ടം കൈവരിച്ച റിലയന്‍സ് ഓഹരികളില്‍ ഇന്ന ലാഭമെടുപ്പ് നടന്നു. 2,405.10ലാണ് വ്യാപാരം അവസാനിപ്പത്. അരാംകോയുമായുള്ള കരാര്‍ പതിവഴിയില്‍ മുടങ്ങിയതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ന്നടിഞ്ഞ റിലയന്‍സ് ഓഹരികള്‍ ഇന്നലെയാണ് തിരിച്ചുവരവ് നടത്തിയത്. 'ഗ്യാസിഫിക്കേഷന്‍' ഏറ്റെടുക്കലുകള്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സഹസ്ഥാപനമായി മാറ്റാന്‍ ബോര്‍ഡ് തീരുമാനിച്ചതാണ് നേട്ടത്തിനു വഴിവച്ചത്. ഭാവിയില്‍ ഈ കമ്പനി ലിസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയാണ് വര്‍ധിക്കുന്നത്. ചൈനയിലെ സ്റ്റീല്‍ മമഖലയിലെ പ്രതിസന്ധികളെ തുടര്‍ന്ന് ടാറ്റ സ്റ്റീല്‍ ഓഹരികളും ഇടിഞ്ഞു.
രാജ്യത്തിനകത്തും പുറത്തും പണെപ്പരുപ്പം വെല്ലുവിളിയായി തുടരുകയാണ്. രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ക്കു പുറമേ ഭക്ഷേത്യതര വസ്തുക്കളുടെ വിലയും ദിനംപ്രതി കുതിക്കുകയാണ്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രാജ്യത്ത് അഞ്ചുമാസത്തെ ഉയരങ്ങളിലെത്തി നില്‍ക്കുന്നു. സെപ്റ്റംബറിലെ 10.66 ശതമാനത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ സൂചിക 12.54 ശതമാനം രേഖപ്പെടുത്തി. ഇന്ധനവിലക്കയറ്റം തന്നെയാണ് സൂചികയെ പ്രതികൂലമായി ബാധിച്ചത്. തുടര്‍ച്ചയായി ഏഴാം മാസമാണ് സൂചിക രണ്ടക്കം കുറിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.31 ശതമാനം മാത്രമായിരുന്നു.