ഫ്രണ്ട്‌സ് റീയൂണിയന്‍ ഈ മാസം 27ന്; മലാല യൂസുഫ്‌സായ് അടക്കം പ്രമുഖര്‍ ഗസ്റ്റ് റോളുകളില്‍; ഇന്ത്യയില്‍ ലഭ്യമാവാന്‍ വൈകും
ലോകത്ത് ഏറ്റവുമധികം ജനപ്രീതിയാര്‍ജിച്ച സിറ്റ്‌കോം എന്ന വിശേഷണമുള്ള 'ഫ്രണ്ട്‌സിന്റെ' റീയൂണിയന്‍ എപ്പിസോഡ് ഈ മാസം 27ന് പുറത്തിറങ്ങും. എച്ച്ബിഓ മാക്‌സ് ഒടിടി സംവിധാനത്തിലൂടെയാണ് റീയൂണിയന്‍ എപ്പിസോഡ് സ്ട്രീം ചെയ്യുക. എച്ച്ബിഓ മാക്‌സ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല. അതുകൊണ്ട് തന്നെ ഇന്ത്യക്കാര്‍ക്ക് എപ്പിസോഡ് കാണാന്‍ കാത്തിരിക്കേണ്ടിവരും. ഡേവിഡ് ബെക്കാം, ലേഡി ഗാഗ തുടങ്ങി നിരവധി പ്രമുഖര്‍ എപ്പിസോഡില്‍ ഗസ്റ്റ് റോളുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. എപ്പിസോഡ് ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഡേവിഡ് ബെക്കാം, ജസ്റ്റിന്‍ ബീബര്‍, ബിടിഎസ്, ജെയിംസ് കോര്‍ഡന്‍, സിന്‍ഡി ക്രോഫോര്‍ഡ്, ലേഡി ഗാഗ, മിന്‍ഡി കലിങ്, റീസ് വിതര്‍സ്പൂണ്‍, മലാല യൂസുഫ്‌സായ് തുടങ്ങി ഒരുപിടി പ്രമുഖരാണ് ഗസ്റ്റ് റോളുകളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ഫ്രണ്ട്‌സിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ജെന്നിഫര്‍ ആനിസ്റ്റണ്‍, കോര്‍ട്‌നി കോക്‌സ്, ലിസ കുദ്രോ, മാറ്റ് ലിബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മര്‍ എന്നിവരും അണിനിരക്കും.
വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോസിലായിരുന്നു എപ്പിസോഡിന്റെ ചിത്രീകരണം. മുന്‍പ് ഫ്രണ്ട്‌സ് ചിത്രീകരിച്ച ലൊക്കേഷനുകള്‍ സ്‌പെഷ്യല്‍ എപ്പിസോഡിനായി വീണ്ടും നിര്‍മിച്ചിരുന്നു. ജെന്നിഫര്‍ ആനിസ്റ്റണ്‍, കോര്‍ട്‌നി കോക്‌സ്, ഡേവിഡ് ഷ്വിമ്മര്‍, ലിസ കുദ്രോ, മാത്യു പെറി, മാറ്റ് ലെബ്ലാങ്ക് എന്നിവര്‍ തന്നെയാണ് സ്‌പെഷ്യല്‍ എപ്പിസോഡിലും സ്‌ക്രീനിലെത്തുന്നത്. ഇവര്‍ക്കൊപ്പം മറ്റാരൊക്കെ ഉണ്ടെന്നത് വ്യക്തമല്ല.
1994നു സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്‌സ് 10 സീസണുകള്‍ കൊണ്ട് ലോകമൊട്ടാകെ ആരാധകരെ ഉണ്ടാക്കിയെടുത്തു എന്നതിനപ്പുറം ഇപ്പോഴും മടുപ്പില്ലാതെ ആളുകള്‍ കാണുന്നുണ്ട്. റോസ്, ചാന്‍ഡ്ലര്‍, റോസിന്റെ സഹോദരിയും ചാന്‍ഡ്ലറുടെ ഭാര്യയുമായ മോണിക്ക, ജോയ്, റോസിന്റെ ഭാര്യ റേച്ചല്‍, ഫീബി എന്നീ ആറു സുഹൃത്തുക്കളുടെ ജീവിതമാണ് സീരീസ് പറയുന്നത്.