സാമ്പാറിന് രുചി കുറഞ്ഞു; അമ്മയേയും സഹോദരിയെയും യുവാവ് വെടിവെച്ചുകൊന്നു
ബംഗളൂരു: വീട്ടിലുണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞുപോയെന്ന് പറഞ്ഞ് സ്വന്തം അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. സംഭവം നടന്നത് ഉത്തര കര്‍ണാടകയിലെ കൊടഗോഡ് ആണ് . 24കാരനായ മഞ്ചുനാഥ് ഹസ്ലാര്‍ ആണ് അമ്മ പാര്‍വതി നാരായണ ഹസ്ലാര്‍ (42) സഹോദരി രമ്യ നാരായണ ഹസ്ലാര്‍ (19) എന്നിവരെ വെടി വെച്ച് കൊന്നത്.
പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപാനിയായ മഞ്ചുനാഥ് വീട്ടില്‍ അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതിനിടെ സഹോദരിക്ക് വായ്പ എടുത്ത് മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുന്നതിനെയും ഇയാള്‍ എതിര്‍ത്തു.
മകള്‍ക്ക് മൊബൈല്‍ വാങ്ങി കൊടുക്കുന്നതിനെ എതിര്‍ക്കാന്‍ മഞ്ചുനാഥിന് അവകാശമില്ലെന്ന് അമ്മ പറഞ്ഞതോടെ ക്ഷുഭിതനായ പ്രതി വീട്ടിലുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച് അമ്മയ്ക്കും സഹോദരിക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ പ്രതിയുടെ അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇയാള്‍ മടങ്ങിയെത്തി ഭാര്യയേയും മകളേയും മകന്‍ കൊലപ്പെടുത്തിയെന്ന് പോലീസില്‍ പരാതി കൊടുത്തതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.