നടന്‍ തിലകന്റെ സ്മരണയില്‍ ആരാധകര്‍; അഭിനയകുലപതി ഓര്‍മ്മയായിട്ട് ഇന്നേക്ക് 9 വര്‍ഷം
മലയാളത്തിന്റെ സുവര്‍ണ്ണതിലകം, ഒട്ടനവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടന്‍ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 9 വര്‍ഷങ്ങള്‍ തികയുകയാണ്. 2012 സെപ്റ്റംബര്‍ 24ന് ആയിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
അഭിനയ കലയുടെ പെരുന്തച്ചനെന്ന വിശേഷണത്തിന് മലയാള സിനിമയില്‍ ഇന്നോളം പകരക്കാരനായി ആരുമെത്തിയിട്ടില്ല. സിനിമയ്ക്ക് അകത്തും പുറത്തും മലയാളി ആരാധനയോടെ നോക്കിയിരുന്ന പ്രതിഭയായിരുന്നു തിലകന്‍. മലയാളി ജീവിച്ചിരിക്കുന്നിടത്തോളം കാലം ഓര്‍ത്തിരിക്കാന്‍ പോന്ന ഒട്ടനവധി കഥാപാത്രങ്ങളെ ബാക്കിയാക്കിയ തിലകന്‍ ഇന്നും പ്രേക്ഷകരുടെ മനസ്സിലെ നിറസാന്നിധ്യമാണ്.
ഗൗരവക്കാരനായ കഥാപാത്രങ്ങളില്‍ തിളങ്ങി നില്‍ക്കവേ തന്നെ സ്വതസിദ്ധമായ ശൈലിയില്‍ തമാശകള്‍ പറഞ്ഞും തിലകന്‍ മലയാളി സിനിമാപ്രേമികളെ കുടുകുടാ ചിരിപ്പിച്ചു. മൂക്കില്ലാ രാജ്യത്ത് എന്ന എവര്‍ഗ്രീന്‍ ഹിറ്റ് കോമഡി ചിത്രത്തിലെ തിലകന്റെ കഥാപാത്രവും ഡയലോഗുകളുമൊക്കെ പുതുതലമുറയെ പോലും ചിരിപ്പിച്ച് മണ്ണുകപ്പിക്കുന്നതാണ്.
തിലകന്റെ കഥാപാത്രം മുത്തച്ഛനായാല്‍ അയാള്‍ നമ്മുടെയൊക്കെ മുത്തച്ഛനായി മാറും. അച്ഛനായാല്‍ പലരും തങ്ങളുടെ സ്വന്തം അച്ഛനുമായി താരതമ്യപ്പെടുത്തുന്ന ഭാവപ്രകടനങ്ങളും ചേഷ്ടകളും അംഗവിക്ഷേപങ്ങളും ആ കഥാപാത്രത്തിലുണ്ടാരും. ജേഷ്ഠനായാല്‍ നാം കൂടെപ്പിറപ്പായവന്റെ മുഖം സ്‌ക്രീനില്‍ കാണും. മാത്രവുമല്ല വില്ലനായാലോ അയാളെ നമ്മുടെ തന്നെ ശത്രുവാക്കിയും മാറ്റാനുള്ള കെല്‍പ്പ് തിലകനെന്ന അഭിനേതാവിന്റെ വലിയ പ്രത്യേകതകളിലൊന്നാണ്.
തിലകന്‍ അഭിനയിച്ച കഥാപാത്രങ്ങളോടുള്ള മലയാളി പ്രേക്ഷകരുടെ മനോഭാവങ്ങള്‍ അദ്ദേഹം മുനിസ്‌ക്രീനില്‍ ഇന്നും നിറയുമ്പോഴും അതൊക്കെ തന്നെയാണ്. ആ തിലകനില്ലാത്ത മലയാളസിനിമകള്‍ വന്നു തുടങ്ങിയിട്ട് ഇന്നേക്കിതാ ഒന്‍പതാണ്ടുകള്‍ പിന്നിടുകയാണ്.
തിലകന്‍ എന്ന മഹാവിസ്മയം യവനികയിലും കിരീടത്തിലും മൂന്നാംപക്കത്തിലും സ്ഫടികത്തിലും കാട്ടുകുതിരയിലും പെരുന്തച്ചനിലും ഗോഡ്ഫാദറിലും ഇന്ത്യന്‍ റുപ്പിയിലും ഉസ്താദ് ഹോട്ടലിലുമൊക്കെ കഥാപാത്രമായി ജീവിക്കുകയായിരുന്നു. സ്ഫടികത്തിലെ ചാക്കോ മാഷിനെ ഭൂഗോളത്തിലെ എല്ലാ മലയാളികളും ഹൃദയസ്പന്ദനത്തില്‍ കൂടെക്കൂട്ടിയത് ആ വേഷം കോമ്പസ് പോലെ ഓരോരുത്തരുടേയും ഉള്ളിലേക്ക് കുത്തിക്കയറിയതു കൊണ്ടാണ്.
മികച്ച നടനുളള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത് പെരുന്തച്ചനിലൂടെയാണ്. കിരീടത്തിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍ കത്തി താഴെയിടടാ എന്ന് കരഞ്ഞ് പറയുമ്പോള്‍ പ്രേക്ഷകരുടെ ഒന്നടങ്കം ചങ്കുലഞ്ഞത് അത് പറഞ്ഞത് തിലകനായതു കൊണ്ട് മാത്രമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.
നാടോടിക്കാറ്റില്‍ അനന്തന്‍ നമ്പ്യാരുടെ ചേഷ്ടകള്‍ കണ്ട് നമ്മള്‍ ഊറിചിരിച്ചതും മണിചിത്രത്താഴില്‍ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടായി അമ്പട കേമാ സണ്ണിക്കുട്ടായെന്ന് വിളിച്ചപ്പോള്‍ അറിയാതെ വിളികേട്ടതും മൂന്നാംപക്കത്തില്‍ പേരക്കുട്ടിയെ നഷ്ടമായ തമ്പി എന്ന വൃദ്ധനോടൊപ്പം നമ്മളും കൂടെക്കരഞ്ഞതും ഉസ്താദ് ഹോട്ടലിലെ കരീം ഭായി വെച്ചു നീട്ടിയ സുലൈമാനിയുടെ മുഹബത്ത് നമ്മുടെ ചുണ്ടിലെത്തിയതും ഇന്ത്യന്‍ റുപ്പിയില്‍ വഴിപോക്കനായെത്തി സ്ത്രീധനത്തിനും മീതെ പെണ്‍കുട്ടിയുടെ മനസ്സ് കാണാന്‍ പറഞ്ഞപ്പോള്‍ കണ്ണീര്‍പൊടിഞ്ഞതും ഗോഡ്ഫാദറില്‍ ഇടംകൈയുയര്‍ത്തി ഇത് ഞാന്‍ ചന്തി കഴുകുന്ന കൈയാണെന്ന് പറഞ്ഞപ്പോള്‍ തീയേറ്ററുകളില്‍ ഹര്‍ഷാരവമുയര്‍ന്നതും അതൊക്കെ തിലകന്‍ പറഞ്ഞത് കൊണ്ടാണ്. തിലകന്‍ എന്ന മാസ്മരിക പ്രതിഭ മലയാളത്തിന്റെ തീരാനഷ്ടമാണ്. മാഞ്ഞത് മലയാള സിനിമയുടെ സുവര്‍ണ്ണതിലകം തന്നെ.