ബിറ്റ്‌കോയിന്‍ വില കുത്തനെ ഇടിഞ്ഞു;
രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന നിലയില്‍
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്‌കോയിനിന്റെ വില കുത്തനെ ഇടിഞ്ഞു. ആറ് ശതമാനം ഇടിഞ്ഞ് രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ബിറ്റ്‌കോയിനിന്റെ വില ഇപ്പോള്‍. ആഗോള ബോണ്ട് വിപണിയിലെ കുതിച്ചുച്ചാട്ടം വരുമാനം വര്‍ദ്ധിപ്പിക്കുകയും ആസ്തികളുടെ വില്‍പ്പനയ്ക്ക് കാരണമാവുകയും ചെയ്തതോടെയാണ് ബിറ്റ്‌കോയിന്‍ വില വെള്ളിയാഴ്ച കുത്തനെ ഇടിഞ്ഞത്.
44,451 ഡോളറാണ് ബിറ്റ്‌കോയിനിന്റെ ഇപ്പോഴത്തെ വില. അവസാന വ്യാപാരത്തില്‍ ബിറ്റ്‌കോയിന് 1.3 ശതമാനം ഇടിഞ്ഞ് 46,588 ഡോളറിലെത്തിയിരുന്നു. യൂറോപ്യന്‍ ഓഹരികള്‍ 1.5 ശതമാനം വരെ ഇടിഞ്ഞതോടെ ഇക്വിറ്റി മാര്‍ക്കറ്റുകളെക്കുറിച്ചുള്ള ആശങ്കകളും ബിറ്റ്‌കോയിന്‍ വിലയിടിവിനെ ബാധിച്ചതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഏഷ്യന്‍ ഓഹരികള്‍ ഒമ്പത് മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്.
മുഖ്യധാരാ കമ്പനികളായ ടെസ്ല ഇങ്ക്, മാസ്റ്റര്‍കാര്‍ഡ് ഇങ്ക് എന്നിവ ക്രിപ്‌റ്റോകറന്‍സികളില്‍ വന്‍തുക നിക്ഷേപം നടത്തിയിരുന്നു. ഇതോടെ ഈ വര്‍ഷാരംഭത്തില്‍ ബിറ്റ്‌കോയിന്‍ വില ഏകദേശം 60 ശതമാനമായി ഉയര്‍ന്നിരുന്നു. ഈ മാസം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 58,354 ഡോളര്‍ വരെ ബിറ്റ്‌കോയിന്‍ വില എത്തിയിരുന്നു.