തിരുവനന്തപുരം: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയും ഇറാനും തമ്മിലുള്ള പോര്‍വിളി കടുക്കുന്നു. ശത്രുവിലെ ആക്രമിക്കാന്‍ ഏത് നിമിഷവും തയ്യാറാണെന്നും സൈന്യം സജ്ജമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയപ്പോള്‍, കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ആ ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയാകെ വ്യാപിക്കുമെന്നതാണ് ഈ പോര്‍വിളിയുടെ ആശങ്ക വര്‍ധിക്കാന്‍ കാരണം.
നിലവില്‍ പശ്ചിമേഷ്യയില്‍ പലയിടത്തായി അമേരിക്കയ്ക്ക് സൈനിക താവളങ്ങളുണ്ട്. അമേരിക്ക ആക്രമിച്ചാല്‍ ഇറാന്റെ പ്രത്യാക്രമണം ഈ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരിക്കും. നിലവില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പ്രതിരോധിക്കാനായി ഇറാഖില്‍ അമേരിക്കയുടെ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കുവൈറ്റില്‍ അമേരിക്കയ്ക്ക് ക്യാമ്പ് ആരിഫ്ജാന്‍, അലി അല്‍ സലേം എയര്‍ബേസ് തുടങ്ങി സൈനിക താവളങ്ങളുണ്ട്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ അമേരിക്കന്‍ നാവികസേനയും നിലയുറപ്പിച്ചിട്ടുണ്ട്. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസിലും അമേരിക്കയുടെ സൈനികരുണ്ട്. യുഎഇയിലെ അല്‍ ദഫ്ര എയര്‍ബേസിലും അമേരിക്കയുടെ യുദ്ധവിമാനങ്ങളും ഡ്രോണുകളുമുണ്ട്.
പശ്ചിമേഷ്യയില്‍ 'ഇറാന്‍' ഭീതി
അമേരിക്ക ആക്രമിച്ചാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കയുടെ താവളങ്ങള്‍ ലക്ഷ്യമിട്ടായിരിക്കും ഇറാന്റെ പ്രത്യാക്രമണം. തങ്ങളുടെ മധ്യദൂര മിസൈലുകളുടെ ദൂരപരിധി വച്ച് ഈ താവളങ്ങള്‍ ആക്രമിക്കാന്‍ സാധിക്കുമെന്നതാണ് ഇറാന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയപ്പോള്‍ അല്‍ ഉദൈദ് സൈനിക താവളത്തിലേക്കാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. ഇറാനെ വളഞ്ഞിട്ടാക്രമിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെങ്കിലും ഇറാന്റെ കരുത്തിനെ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങള്‍ വിലകുറച്ച് കാണുന്നില്ല. അതിനാല്‍ തന്നെ ഏറ്റുമുട്ടലൊഴിവാക്കാന്‍ മറ്റ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്.