കൊച്ചി: വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി ഷുക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹര്‍ജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി നിര്‍ദേശിച്ചു. നിശിതമായ വിമര്‍ശനമാണ് ഹര്‍ജിക്കാരനെതിരെ കോടതി നടത്തിയത്.
ഹര്‍ജിയില്‍ എന്ത് പൊതുതാല്‍പര്യമാണുള്ളതെന്ന് ആരാഞ്ഞ ഹൈക്കോടതി, സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത് എന്തിനാണെന്നും ഹര്‍ജിക്കാരനോട് ചോദിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ഈ ഹര്‍ജി പൊതുതാല്‍പര്യത്തിനല്ലെന്നും മറിച്ച് പ്രശസ്തിക്ക് വേണ്ടിയാണെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, വി എം ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. ഫണ്ട് ദുരുപയോഗം ആരോപിക്കപ്പെടുന്നതിന് തെളിവുകളൊന്നും നല്‍കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് പ്രശസ്തി ലഭിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. കോടതിയുടെ സമയം വെറുതെ പാഴാക്കുകയാണെന്നും കോടതി വാക്കാല്‍ വിമര്‍ശിച്ചു.