അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം മരിച്ചത് 12 കുട്ടികള്‍, പഠിക്കാന്‍ വിദഗ്ധസമിതി


പാലക്കാട്  അട്ടപ്പാടിയില്‍ ഈ വര്‍ഷം പന്ത്രണ്ടാമത്തെ കുട്ടി കൂടി മരിച്ചു.. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ചിണ്ടക്കി ഊരിലെ കടുകുമണ്ണ സ്വദേശികളായ ജെക്കി, ചെല്ലന്‍ ദമ്പതികളുടെ മകള്‍ ആറ് വയസ്സുള്ള ശിവരഞ്ജിനി മരിച്ചത്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ മരണമാണിത്. ശ്വാസം മുട്ടുണ്ടായതിനെത്തുടര്‍ന്ന് ശിവരഞ്ജിനിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സഹായം നല്‍കിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സെറിബ്രല്‍ പാള്‍സിയാണ് കുട്ടിയുടെ മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയ്ക്ക് രക്തക്കുറവുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഇന്നലെ മരിച്ച ആറ് വയസ്സുകാരിയടക്കം അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം 12 കുട്ടികളാണ് മരിച്ചത്. ഇതില്‍ 11 പേരും നവജാതശിശുക്കള്‍. ഇന്നലെ മാത്രം അട്ടപ്പാടിയില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. നാല് ദിവസത്തിനുള്ളില്‍ മരിച്ച കുട്ടികളുടെ എണ്ണം അഞ്ചായി. ഒരു അമ്മയും അരിവാള്‍ രോഗബാധിതയായി മരിച്ചു. മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ വച്ച് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിക്കാന്‍ കാരണം ന്യൂമോണിയയാണെന്ന് പാലക്കാട് ഡിഎംഒ പറയുന്നു. അട്ടപ്പാടിയിലെ കുട്ടികളുടെ മരണം പഠിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കുമെന്ന് പാലക്കാട് ഡിഎംഒ ഡോ. കെ റീത്ത വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിരീക്ഷണം കര്‍ശനമാക്കും. മെഡിക്കല്‍ കോളേജിലെ വിദഗ്ധഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ ഉപദേശകസമിതി രൂപീകരിക്കുമെന്നും ഡോ. കെ റീത്ത അറിയിച്ചു. ഇന്നലെ മൂന്ന് ദിവസം പ്രായമുള്ള കുട്ടി മരിച്ച വീട്ടിയൂരില്‍ ഡിഎംഒ സന്ദര്‍ശനം നടത്തി. 

ശിശു മരണങ്ങള്‍ കൂടിയ സാഹചര്യം വിലയിരുത്താന്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് അട്ടപ്പാടിയിലെത്തിയിട്ടുണ്ട്. രാവിലെ പത്തിന് അഗളിയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമാണ് ആദ്യം. പിന്നീട് ശിശുമരണങ്ങള്‍ നടന്ന ഊരുകളില്‍ മന്ത്രി എത്തും. പോഷകാഹാരം നല്‍കുന്നതിനുള്ള പദ്ധതിയുണ്ടായിട്ടും ശിശുമരണം എങ്ങനെ ഉണ്ടാവുന്നു എന്ന് പരിശോധിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. 
രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അട്ടപ്പാടിയിലെ എല്ലാ ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, ഇതിന് കൃത്യമായ ആക്ഷന്‍ പ്ലാന്‍ ഉണ്ടാകണമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ്, വനം വകുപ്പ്, ആദിവാസിക്ഷേമവകുപ്പ്, പൊലീസ് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സംയുക്തയോഗമാണ് അട്ടപ്പാടി അഗളിയിലെ കിലയില്‍ നടന്നത്. 

വീട്ടിയൂര്‍ ഊരിലെ ഗീതു - സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ വച്ചാണ് മരിച്ചത്. വ്യാഴാഴ്ച തൂവ ഊരിലെ വള്ളി- രാജേന്ദ്രന്‍ ദമ്പതികളുടെ ഒന്നരമാസം പ്രായമായ കുഞ്ഞും, കുറവന്‍ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്റെയും കുഞ്ഞും മരിച്ചിരുന്നു. പിന്നീട് അരിവാള്‍ രോഗബാധിതയായ തുളസിയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ച് മരിച്ചു. 
അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന് ആദിവാസികള്‍ തന്നെ ആരോപിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനെതിരെ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനും രംഗത്തെത്തി. 


നവജാതശിശുക്കളുടെ മരണം ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ജനനി - ജന്മരക്ഷാ പദ്ധതിയുടെ ആനുകൂല്യം അട്ടപ്പാടിയിലെ അമ്മമാര്‍ക്ക് കിട്ടിയിട്ട് മൂന്ന് മാസമായെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസി വനിതകള്‍ക്ക് മാസം രണ്ടായിരം രൂപയാണ് ഈ പദ്ധതി വഴി നല്‍കിയിരുന്നത്. പോഷകാഹാരത്തിനായി മൂന്നാം മാസം മുതല്‍ പതിനെട്ട് മാസം വരെയാണ് രണ്ടായിരം രൂപ വിതരണം ചെയ്യുക.േ മൂന്ന് മാസമായിട്ട് ഈ തുക മുടങ്ങിക്കിടക്കുകയാണ്. 

എട്ട് കൊല്ലം മുമ്പ് ശിശുമരണം തുടര്‍ക്കഥയായപ്പോള്‍ നടപ്പാക്കിയ പദ്ധതിയാണ് ജനനി - ജന്മരക്ഷ. ഐടിഡിപി യുടെ കണക്കു പ്രകാരം അട്ടപ്പാടിയില്‍ ജനനി ജന്മരക്ഷ പദ്ധതി പ്രകാരം  560-നടുത്ത് ഗുണഭോക്താക്കളാണ് ഈ വര്‍ഷം ഉള്ളത്. ഒരു കോടി രൂപ ഇതിനായി നവംബര്‍ 22- ന് പാസ്സായിട്ടുണ്ട്. മറ്റു നടപടി ക്രമങ്ങള്‍ കഴിഞ്ഞാലുടന്‍ ഗുണഭോക്താക്കളിലേക്ക് പണം എത്തിക്കുമെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പാസ്സായിട്ടുള്ള തുകയുടെ പകുതിയും കുടിശ്ശിക കൊടുത്തുതീര്‍ക്കാനേ തികയൂ എന്നതാണ് യാഥാര്‍ഥ്യം. ജനനി ജന്മ രക്ഷ പുന:സ്ഥാപിക്കുന്നതിനൊപ്പം, ആദിവാസി അമ്മമാരുടെ രക്തക്കുറവ് ഉള്‍പ്പടെയുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ദീര്‍ഘകാല പദ്ധതിയും അട്ടപ്പാടിയില്‍ ഉടന്‍ രൂപീകരിച്ചേ പറ്റൂ. 

അട്ടപ്പാടിയിലെ ആദിവാസികളുടെ ഏക ആശ്രയമായ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവിനൊപ്പം മൂന്ന് മാസം ശമ്പളവും കുടിശ്ശികയായതോടെ 59 താത്കാലിക ജീവനക്കാരെ ഇക്കഴിഞ്ഞ ആഴ്ച കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media