ഇസ്രൊയുടെ തന്ത്രപ്രധാന ദൗത്യം; സ്പാഡെക്‌സ് വിക്ഷേപണം ഇന്ന് രാത്രി
 


തിരുവനന്തപുരം: ബഹിരാകാശത്ത് വച്ച് കൂടിച്ചേര്‍ന്ന് ഉപഗ്രഹങ്ങള്‍ ഒന്നാകുന്ന ഐഎസ്ആര്‍ഒയുടെ സ്പാഡെക്‌സ് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് രാത്രി 9.58 ന് നടക്കും. ഇസ്രൊയുടെ ഈ വര്‍ഷത്തെ അവസാന വിക്ഷേപണമാണിത്. സ്പാഡെക്‌സ് ഉപഗ്രഹങ്ങള്‍ക്കൊപ്പം 24 ചെറു പരീക്ഷണങ്ങളും പിഎസ്എല്‍വി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും.

വിക്ഷേപണത്തിനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രണ്ട് ഉപഗ്രഹങ്ങളാണ് ഇന്ന് ബഹിരാകാശത്തേക്ക് പോകുന്നത്, ചേസറും ടാര്‍ജറ്റും. 220 കിലോഗ്രാം വീതം ഭാരമാണ് ഇവയ്ക്ക്. ഒന്നിച്ച് വിക്ഷേപിച്ച ശേഷം ബഹിരാകാശത്ത് വച്ച് രണ്ട് വഴിക്ക് പിരിയുന്ന ഇവ വീണ്ടും ഒത്തുചേരും. അതാണ് സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റ് അഥവാ സ്പാഡെക്‌സ് ദൗത്യം. 

രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുക എളുപ്പമല്ല. രണ്ട് പേടകങ്ങളുടെയും വേഗ നിയന്ത്രണം കൃത്യമായിരിക്കണം. കൂടിച്ചേര്‍ന്ന് കഴിഞ്ഞാല്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ എന്ന സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സാങ്കേതിക വിദ്യ സ്വന്തമാക്കേണ്ടതുണ്ട്. നിലയത്തെ ഒരൊറ്റ വിക്ഷേപണത്തില്‍ ബഹിരാകാശത്ത് എത്തിക്കുക സാധ്യമല്ല. ഘട്ടം ഘട്ടമായി വിക്ഷേപിച്ച് പിന്നീട് ബഹിരാകാശത്ത് വച്ച് കൂടിച്ചേര്‍ക്കുക മാത്രമാണ് പ്രായോഗികം. 

സോവിയറ്റ് യൂണിയനും അമേരിക്കയും ചൈനയും സ്വന്തം ബഹിരാകാശ നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത് ഇങ്ങനെയാണ്. സ്പാഡെക്‌സ് ദൗത്യം വിജയിച്ചാല്‍ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ചന്ദ്രയാന്‍ നാല് ദൗത്യത്തിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഇസ്രൊ തീരുമാനം. സ്പാഡെക്‌സ് ഇരട്ട ഉപഗ്രഹങ്ങള്‍ക്ക് പുറമേ 24 വ്യത്യസ്ഥ പരീക്ഷണങ്ങളും ഈ പിഎസ്എല്‍വി വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് പോകുന്നുണ്ട്. ബഹിരാകാശത്ത് നിന്ന് മാലിന്യങ്ങള്‍ പിടിച്ചെടുക്കാന്‍ കെല്‍പ്പുള്ള യന്ത്രക്കൈയും, ഭാവിയില്‍ ബഹിരാകാശ നിലയത്തില്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്ന വാള്‍ക്കിംഗ് റോബോട്ടിക് ആര്‍മും, ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന ക്രോപ്‌സ് പേ ലോഡും ഇതില്‍ ചിലതാണ്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media