സംയുക്ത സൈനികമേധാവി സഞ്ചരിച്ച ഹെലികോപ്ടര്‍
ഊട്ടിയില്‍ തകര്‍ന്നു വീണു, 11 മൃതദേഹങ്ങള്‍ കിട്ടി
ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
അപകടത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ രണ്ട് പേരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും 11 മൃതദേങ്ങള്‍ ഇതുവരെ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. വ്യോമസേനയും എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ലഭ്യമായ വിവരം. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും ഊട്ടിയിലേക്കാണ് ഹെലികോപ്ടര്‍ പോയത് എന്നാണ് സൂചന. അപകടസ്ഥലത്ത് നിന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ ഊട്ടി പൊലീസും സ്ഥലത്ത്. അപകടവിവരം അറിഞ്ഞതോടെ സൈനിക ഉദ്യോഗസ്ഥരും അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തു.