കൊച്ചി: റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടന്നത്. ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്.
ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പര്‍ വേടന്റെ ഫ്‌ലാറ്റിലുണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍. മഞ്ഞുമ്മല്‍ ബോയ് സിനിമയിലെ 'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിന്റെ വരികള്‍ വേടന്റെ ആണ്. വേടന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് തുടര്‍നടപടിയെടുക്കും. വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് ഹിരണ്‍ദാസ് മുരളി സുഹൃത്തുക്കളോടൊപ്പം ഫ്‌ലാറ്റില്‍ എത്തിയത്. 9 പേരാണ് റൂമില്‍ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്നുവരെ കുറിച്ച് വിവരങ്ങള്‍ തേടുമെന്ന് പൊലീസ് അറിയിച്ചു. കുറച്ച് നാളുകളായി ഹിരണ്‍ദാസ് മുരളിയുടെ ഫ്‌ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ഇടുക്കിയിലെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. വേടനെ കഞ്ചാവ് കേസില്‍ പിടിച്ച സാഹചര്യത്തിലാണ് തീരുമാനം.
ആരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും റാപ്പര്‍ വേടന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടിയിരുന്നു. സിന്തറ്റിക് ഡ്രഗ്സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്നും വേടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദയവ് ചെയ്ത് ആരും ലഹരിക്ക് അടിമപ്പെടരുതെന്നും വേടന്‍ പരാമര്‍ശിച്ചിരുന്നു.