ദുബായ് എമിറേറ്റ്‌സിലും കുവൈറ്റ് പെട്രോളിയത്തിലും നിരവധി തൊഴിലവസരങ്ങള്‍
ദുബായ്/ കുവൈറ്റ് സിറ്റി: ദുബായിലെ എമിറേറ്റ്സ് എയര്‍ലൈന്‍സിലും കുവൈറ്റ് പെട്രോളിയം കോര്‍പറേഷനിലും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍. എമിറേറ്റ്സില്‍ 3500ലേറെയും കുവൈറ്റ് എണ്ണക്കമ്പനി 1500ഓളവും ജീവനക്കാരെയാണ് നിയമിക്കുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് സ്ഥാപനങ്ങള്‍ കരയറുന്നതിന്റെ സൂചനായായാണ് പുതിയ റിക്രൂട്ട്മെന്റ് ഡ്രൈവ് വിലയിരുത്തപ്പെടുന്നത്.
കൊവിഡ് കാലത്ത് വ്യോമയാന മേഖയിലുണ്ടായ കടുത്ത പ്രതിസന്ധി കാരണവും നിരവധി ജീവനക്കാരെ പിരിച്ചുവിടാന്‍ എമിറേറ്റ്സ് എയര്‍ലൈന്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണ വിധേയമായതോടെ യുഎഇ വ്യോമയാന രംഗം ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് പുതിയ നിയമനം. അടുത്ത ആറു മാസത്തിനകം 3000 കാബിന്‍ ക്രൂ അംഗങ്ങളെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെം നിയമിക്കാനാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഒരുങ്ങുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമാനകമ്പനിയുടെ ദുബായ് ഹബ്ബിലേക്കാണ് നിയമനം. www.emiratesgroupcareers.com എന്ന വെബ്സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. കൊവിഡിന് മുമ്പുള്ള എമിറേറ്റ്സിന്റെ 70 ശതമാനം സര്‍വീസുകളും ഈ വര്‍ഷാവസാനത്തോടെ പുനസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കൂടുതല്‍ ജീവനക്കാരെ എയര്‍ലൈന്‍സ് നിയമിക്കുന്നത്. യുഎഇ പല രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിരോധനം നീക്കിയതോടെ കൊവിഡ് കാലത്ത് പിരിച്ചുവിടപ്പെട്ട പൈലറ്റുമാരെയും കാബിന്‍ ക്രൂ ജീവനക്കാരെയും എമിറേറ്റ്സ് തിരിച്ചുവിളിച്ചിരുന്നു. എ380 ജംബോ ജെറ്റുകളിലെ നൂറോളം പൈലറ്റുമാരെയാണ് കഴിഞ്ഞ മാസം തിരിച്ചുവിളിച്ചത്. ബോയിംഗ് 777 വിമാനങ്ങളിലെ മുഴുവന്‍ ജീവനക്കാരും തിരികെ എത്തിയതായും അധികൃതര്‍ അറിയിച്ചു. എക്സ്പോ 2020 പ്രമാണിച്ച് രാജ്യത്തേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് യുഎഇ വ്യോമയാന രംഗം.
കുവൈറ്റ് പെട്രോളിയം കോര്‍പറേഷനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി ആയിരത്തി അഞ്ഞൂറോളം ജീവനക്കാരെയാണ് അടുത്ത ഏതാനും മാസങ്ങള്‍ക്കകം നിയമിക്കുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതുവഴി തൊഴിലവസരങ്ങള്‍ ലഭിക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നും കുവൈറ്റ് വല്‍ക്കരണത്തിന്റെ ഭാഗമായും പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്കു പകരമായാണ് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നത്. കുവൈറ്റ് ഓയില്‍ കമ്പനി, കുവൈറ്റ് നാഷനല്‍ പെട്രോളിയം കമ്പനി, കുവൈറ്റ് ഓയില്‍ ടാങ്കേഴ്സ് കമ്പനി എന്നിവിടങ്ങളിലാണ് കൂടുതല്‍ നിയമനങ്ങളും നടക്കുക. കമ്പനികള്‍ ആരംഭിക്കാന്‍ പോകുന്ന പുതിയ പ്രൊജക്ടുകളിലേക്കായിരിക്കും നിയമനമെന്നും അധികൃതര്‍ അറിയിച്ചു.