പുറത്താകാതിരിക്കാൻ കാരണം കാണിക്കണം
തിരുവനന്തപുരം: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും. രാജ്ഭവനില്‍ 11 മണി മുതലാണ് ഹിയറിങ്. വിസിമാര്‍ നേരിട്ടോ അല്ലെങ്കില്‍ വിസിമാര്‍ ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിങ്ങിന് എത്തും. വിദേശത്തുള്ള എംജി വിസിയുടെ ഹിയറിങ് പിന്നീട് നടത്തും. ഇന്നെത്താന്‍ പ്രയാസം ഉണ്ടെന്നാണ് കണ്ണൂര്‍ വിസി അറിയിച്ചിരിക്കുന്നത്. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആണ് ഹിയറിങ്.യുജിസി മാര്‍ഗ്ഗ നിര്‍ദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവന്‍ വിസിമാരെയും പുറത്താക്കാനാണ് ഗവര്‍ണറുടെ നീക്കം. ഹിയറിങ്ങ് കഴിഞ്ഞാലും കോടതിയില്‍ വിസിമാര്‍ നല്‍കിയ കേസ് കൂടി പരിഗണിച്ചാകും ഗവര്‍ണര്‍ അന്തിമ നിലപാട് എടുക്കുക.
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. ചാന്‍സലറുടെ അധികാര പരിധി സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കണമെന്നും വിസിമാര്‍ ആവശ്യപ്പെട്ടിരുന്നു.ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഹര്‍ജികള്‍ പരിഗണിക്കുക.