കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു കോടിയേരി സെക്രട്ടറിയുടെ ചുമതലയില്‍ നിന്ന് മാറി നിന്നത്.2020 നവംബര്‍ 13നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ പദവിയില്‍ നിന്ന് മാറി നിന്നത്. ഒരു വര്‍ഷത്തിന് ശേഷമാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ മടങ്ങിവരവ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വന്നതെന്ന് എംഎം മണി പ്രതികരിച്ചു.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി, സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ച കോടിയേരി അവധി അപേക്ഷ നല്‍കുകയായിരുന്നു. ചികിത്സയ്ക്കായി പാര്‍ട്ടി അവധി അംഗീകരിക്കുകയും ചെയ്തു. കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞപ്പോള്‍ പകരം ചുമതല നല്‍കിയത് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് ആണ്.മകന്‍ ബിനീഷിന്റെ അറസ്റ്റും കേസും വിവാദമായി നില്‍ക്കവെയായിരുന്നു കോടിയേരി സെക്രട്ടറി പദത്തില്‍ നിന്ന് മാറി നിന്നിരുന്നത്. ജയില്‍ മോചിതനായി ബിനീഷ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് കോടിയേരിയും പദവിയിലേക്കു തിരിച്ചെത്തിയത്.