ലക്കി സിംഗായി മോഹന്‍ലാല്‍; മോണ്‍സ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. 'മോണ്‍സ്റ്റര്‍' എന്നാണ് സിനിമയുടെ പേര്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് മോണ്‍സ്റ്ററിനും തിരക്കഥ എഴുതിയത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. സംഗീതം ദീപക് ദേവ്. ആര്‍ട്ട് ഷാജി നടുവില്‍.
സിനിമയുടെ ചിത്രീകരണം തുടങ്ങി. പുലിമുരുകന്റെ വന്‍വിജയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയെ കാത്തിരിക്കുന്നത്.
മോഹന്‍ലാല്‍ തന്നെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ചോദ്യങ്ങളുമായി ആരാധകര്‍ എത്തുകയാണ്. എല്ലാവര്‍ക്കും പ്രധാനമായി അറിയേണ്ട കാര്യം മോണ്‍സ്റ്ററും ഒ.ടി.ടിയിലേക്കാണോ എന്നതാണ്.
മോഹന്‍ലാല്‍ നായകനായ, പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയും ഷാജി കൈലാസ് ചിത്രം എലോണും ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാനും ഒ.ടി.ടി റിലീസായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോണ്‍സ്റ്ററും ഒ.ടി.ടിയിലേക്ക് തന്നെയാണോ എന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നത്.
മോണ്‍സ്റ്ററെങ്കിലും ഒ.ടി.ടിയില്‍ ഇറക്കരുതെന്നും തിയേറ്റര്‍ റിലീസിനെ കുറിച്ച് ആലോചിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ലാലേട്ടന്റെ ചിത്രം തിയേറ്ററില്‍ കണ്ടിട്ട് നാളുകളായെന്നും ഇതെങ്കിലും ഒ.ടി.ടിക്ക് കൊടുക്കരുതെന്നുമാണ് ചിലരുടെ കമന്റ്.ഈ ചിത്രവും ഒ.ടി.ടിക്ക് കൊടുക്കുവാണോ അങ്ങനെയെങ്കില്‍ നിങ്ങളുടെ പടം കാണുന്നത് നിര്‍ത്തി. ഇനി എന്ന് നിങ്ങളുടെ പടം തിയേറ്ററില്‍ എന്ന് റിലീസ് ചെയ്യുന്നോ അന്ന് പോയി കാണും എന്നെല്ലാമാണ് ചില കമന്റുകള്‍.