തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവന്‍ വിലയിരുത്തുന്നത്. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നതും താനും ഫോണ്‍ ചോര്‍ത്തി എന്ന അന്‍വറിന്റെ തുറന്ന് പറച്ചിലും ഗൗരവതരമാണ്. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്‍വറിന്റെ ആരോപണം സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് ഗവര്‍ണര്‍. ഗവര്‍ണറുടെ കത്തില്‍ സര്‍ക്കാരിനും അന്‍വരിനും വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ ചിലര്‍ ഇടപെടുന്നു എന്നാണ് ഗവര്‍ണറുടെ കത്തില്‍ വ്യക്തമാകുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മില്‍ അവിശുദ്ധ ബന്ധം ഉണ്ടെന്ന് തെളിയുന്നു. അന്‍വറിനെതിരെയും കേസ് എടുക്കണമെന്നും സ്വന്തം നിലക്ക് ഫോണ്‍ ചോര്‍ത്തിയതും ഗുരുതര കുറ്റമാണെന്നും ഗവര്‍ണറുടെ കത്തില്‍ പറയുന്നുണ്ട്. പുറത്ത് വന്ന സംഭാഷണങ്ങളില്‍ പൊലീസിനുള്ള ക്രിമിനല്‍ ബന്ധം വ്യക്തമാണെന്നും ഗവര്‍ണറിന്റെ കത്തില്‍ പറയുന്നു.
അതേസമയം, എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അടക്കം അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഘടക കക്ഷികള്‍ക്ക് കടുത്ത അതൃപ്തി നിലനില്‍ക്കെ എല്‍ഡിഎഫ് യോഗം ഉടന്‍ ആരംഭിക്കും. തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കുന്ന യോഗത്തില്‍ അജിത്കുമാറിനെ മാറ്റണമെന്ന നിലപാട് സിപിഐയും ആര്‍ജെഡിയും ഉന്നയിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും. എന്നാല്‍ അന്‍വര്‍ അജിത്കുമാറിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്.