ഹിന്ദുത്വയെ ഐഎസിനോടുപമിച്ച് സല്‍മാന്‍ ഖുര്‍ഷിദ്; വിയോജിപ്പുമായി ഗുലാം നബി ആസാദ്
ദില്ലി: അയോധ്യയെക്കുറിച്ചുള്ള പുതിയ പുസ്തകത്തില്‍ ഹിന്ദുത്വയെ ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ച് സല്‍മാന്‍ ഖുര്‍ഷിദ്. 'സണ്‍റൈസ് ഓവര്‍ അയോധ്യ: നാഷന്‍ഹുഡ് ഇന്‍ ഔവര്‍ ടൈംസ്' എന്ന പുസ്തകത്തിലാണ് ഹിന്ദുത്വ ആശയത്തെ ഖുര്‍ഷിദ് ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിനോടുപമിച്ചത്. ഖുര്‍ഷിദിന്റെ അഭിപ്രായത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നു. ഗുലാം നബി ആസാദാണ് ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ തള്ളി രംഗത്തെത്തിയത്. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഹിന്ദുത്വയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാലും ഐഎസുമായും ഇസ്ലാമിക ജിഹാദിസ്റ്റുമായും താരതമ്യപ്പെടുത്തുന്നത് തെറ്റും അതിശയോക്തിയുമാണ്.-ഗുലാം നബി ആസാദ് പറഞ്ഞു.
സനാതന ധര്‍മ്മവും ക്ലാസിക്കല്‍ ഹിന്ദുമതത്തെക്കുറിച്ച് അവബോധമുള്ള സന്ന്യാസിമാരും ഹിന്ദുത്വയെ തള്ളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഐഎസ്, ബൊക്കൊഹറാം തുടങ്ങിയ ഇസ്ലാമിക് ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ സമാനമായ രാഷ്ട്രീയ ധാരയാണ് ഹിന്ദുത്വയെന്നാണ് ഖുര്‍ഷിദ് പുസ്തകത്തില്‍ എഴുതിയത്. ഖുര്‍ഷിദിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി.
മതത്തെ ഭീകര സംഘടനയുമായി താരതമ്യപ്പെടുത്തിയത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ബിജെപി ആരോപിച്ചു. സല്‍മാന്‍ ഖുര്‍ഷിദിനെ കോണ്‍ഗ്രസ് പുറത്താക്കണമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി പറഞ്ഞു. ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ സോണിയാ ഗാന്ധി വിശദീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഖുര്‍ഷിദിന്റെ പരാമര്‍ശത്തിനെതിരെ ആസാദ് മാത്രമാണ് ഇതുവരെ പരസ്യപ്രതികരണം നടത്തിയത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരോട് അടുത്ത് നില്‍ക്കുന്ന നേതാവാണ് സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസിനുള്ള കലാപം നടത്തിയ ജി23 നേതാക്കള്‍ക്കെതിരെ ആദ്യം രംഗത്തെത്തിയ നേതാക്കളിലൊരാളും ഖുര്‍ഷിദാണ്.