സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം, ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കും; ഗവര്‍ണര്‍



തൃശൂര്‍: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട വയനാടിന് ദീര്‍ഘകാല പുനരധിവാസ പദ്ധതിയാണ് വേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനരധിവാസത്തിന് ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യമാണ്. ദീര്‍ഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. 


സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേല്‍ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരുടെ സഹായമാണ് ഒഴുകിയെത്തുന്നത്. ശരി തെറ്റുകള്‍ വിലയിരുത്തേണ്ട സാഹചര്യമല്ല. ദുരന്ത മുഖത്താണ് നാം നില്‍ക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. വയനാട് ഉരുള്‍പ്പൊട്ടലിനെ ദേശീയ ദുരന്തമായി കാണണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചിരുന്നു. അഞ്ച് പേര്‍ അടങ്ങുന്ന വിദഗ്ധ സംഘം ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം അടക്കം പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുന്നതില്‍ ഊന്നിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ സംസാരിച്ചതെന്നും വയനാട്ടില്‍ ദുരിതബാധിത പ്രദേശത്ത് തുടരുന്ന മന്ത്രിമാരുടെ സംഘം അറിയിച്ചു. 
വയനാട് ദുരിതത്തില്‍ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിട്ടുണ്ട്. എത്ര വീടുകള്‍ തകര്‍ന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയില്‍ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ ഉള്‍പ്പെട്ട മെമ്മോറാണ്ടമാണ് സമര്‍പ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്നലെ കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media