കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശ്ശിക
ജൂലൈയില്‍ ലഭിക്കില്ല, പ്രചരിക്കുന്ന രേഖ വ്യാജമെന്ന് കേന്ദ്രം
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശ്ശിക
ജൂലൈയില്‍ ലഭിക്കില്ല, പ്രചരിക്കുന്ന രേഖ വ്യാജമെന്ന് കേന്ദ്രം
ദില്ലി:: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ജൂലായ് മുതല്‍ ഡിഎ കുടിശ്ശിക വിതരണം ചെയ്യുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന രേഖ വ്യാജമാണെന്ന് കേന്ദ്രം അറിയിച്ചു. കൊവിഡ് കാലത്ത് മരവിപ്പിച്ച ഡിഎ ജൂലൈ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്നാണ് ധനകാര്യ സെക്രട്ടറി ടിവി സോംനാഥന്റെ പേരില്‍ പുറത്തിറക്കിയ രേഖയില്‍ പറയുന്നത്. 2020 ജൂലൈ ഒന്ന് മുതല്‍ 2021 ജനുവരി ഒന്ന് വരെയുള്ള ഡിഎ മൂന്ന് തവണകളായി നല്‍കുമെന്നും രേഖയില്‍ പറയുന്നുണ്ട്.
എന്നാല്‍ ധനമന്ത്രാലയം ഇത്തരമൊരു ഓഫീസ് മെമ്മോറാണ്ടം (ഒഎം) നല്‍കിയിട്ടില്ലെന്നും ഇത് വ്യാജമാണെന്നും ട്വിറ്ററിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് -19 പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു 2021 ജൂലൈ വരെ 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 61 ലക്ഷം പെന്‍ഷന്‍കാരുടെയും ഡിഎ വര്‍ധിപ്പിക്കുന്നതിന് താല്‍കാലികമായി മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ജീവനക്കാരുടെ ഡിഎ തടഞ്ഞുവച്ചതിനെതിരെ രാഹുല്‍ ഗാന്ധിയുള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി
സായുധ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ ഉടന്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ നിന്ന് 37,500 കോടി രൂപ കൊള്ളയടിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റില്‍ പറഞ്ഞു. ഇതുകൂടാതെ സര്‍ക്കാര്‍ ജീവനക്കാരോടും സായുധ സേനയോടും നിസ്സംഗത കാണിക്കരുതെന്നും ശമ്പളം കുറയുകയും പണപ്പെരുപ്പം ഉയരുകയും ചെയ്യുന്ന സമയത്ത് അവരോട് തമാശ പറയരുതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്വി അഭിപ്രായപ്പെട്ടു.