ആരാണ് ആദ്യമുണ്ടായത് സൂര്യനോ ഭൂമിയോ എന്ന കുസൃതി ചോദ്യം കുട്ടിക്കാലത്ത് നമ്മേ ഏറെ കുഴക്കിയ ഒന്നായിരുന്നു, കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന ചോദ്യം പോലെ. എന്നാല്‍ നിസാരമെന്ന് സാധാരണക്കാര്‍ക്ക് തോന്നുന്ന ഇത്തരം സംശയങ്ങള്‍ക്ക് പിന്നാലെ മനുഷ്യന്‍ സഞ്ചരിക്കുമ്പോഴാണ് പ്രപഞ്ചത്തിലെ പല കാര്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കുന്നത്. അത്തരം ഒരു ദീര്‍ഘ യാത്രയ്ക്ക് ശേഷം മനുഷ്യന്‍ തന്റെ അനുമാനത്തിലെ ഒരു കാലം യഥാര്‍ത്ഥമാണെന്ന തിരിച്ചറിവിന്റെ പാതയിലാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
ബഹിരാകാശത്ത് സൂര്യനും മുമ്പ് ജലം രൂപപ്പെട്ടിരുന്നുവെന്ന കണ്ടെത്തലിന്റെ വഴിയിലാണ് ശാസ്ത്രലോകമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബഹിരാകാശത്ത് സൂര്യന്‍ ഉണ്ടാകുന്നതിനും മുമ്പ് ജലം രൂപപെട്ടിരുന്നു. അത്യാധുനീക ടെലിസ്‌കോപ്പിക് ലെന്‍സായ Atacama Large Millimeter/submillimeter Array (ALMA) ഉപയോഗിച്ചാണ് ബഹിരാകാശത്ത് ഗവേഷകര്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഭൂമിയില്‍ നിന്നും 1300 പ്രകാശവര്‍ഷം അകലെയുള്ള 'V883 Orionis' എന്ന നക്ഷത്രത്തിന് ചുറ്റുമുള്ള ഗ്രഹ രൂപീകരണ പ്രദേശത്താണ് വാതക ജലം (Gaseous water)കണ്ടെത്തിയിരിക്കുന്നത്. V883 Orionis ന് ചുറ്റുമുള്ള ഈ ജലസാന്നിധ്യം അതിന്റെ രാസ സാന്നിധ്യത്തെയാണ് വ്യക്തമാക്കുന്നത്. ബഹിരാകാശത്ത് പുതുതായി കണ്ടെത്തിയ ഈ ജലസാന്നിധ്യം നക്ഷത്രങ്ങള്‍ രൂപപ്പെടുന്ന വാതക മേഘങ്ങളില്‍ നിന്ന് ഗ്രഹത്തിലേക്കുള്ള ജലത്തിന്റെ യാത്രയെ വിശദീകരിക്കുമെന്നും ഗവേഷകര്‍ കരുതുന്നു. മാത്രമല്ല, സൂര്യനേക്കാള്‍ പഴക്കമുള്ളതാണ് ഭൂമിയിലെ ജലസാന്നിധ്യം എന്ന ആശയത്തെ വിശദീകരിക്കാന്‍ ഈ ജലസാന്നിധ്യത്തെ കുറിച്ചുള്ള പഠനത്തിലൂടെ കഴിയുമെന്നും അവര്‍ അവകാശപ്പെട്ടു.