കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ സ്മരണയില്‍ രാജ്യം; യുദ്ധത്തില്‍ ജവാന്‍മാര്‍ കാണിച്ച വീര്യവും അവരുടെ ജീവത്യാഗവും രാജ്യം സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി
കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്നേക്ക് 22 വയസ്സ്. വിജയാഘോഷത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡല്‍ഹിയിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ ജവാന്‍മാര്‍ കാണിച്ച വീര്യവും അവരുടെ ജീവത്യാഗവും രാജ്യം സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. കശ്മീരിലെ യുദ്ധസ്മാരകങ്ങളിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അനുസ്മരണ പരിപാടികള്‍ നടന്നു. അതേസമയം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കി.
മൂന്നുമാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പാകിസ്ഥാന് മേല്‍ ഇന്ത്യ വിജയക്കൊടി നാട്ടിയത്. ശത്രുസൈന്യത്തെയും പ്രതികൂല കാലാവസ്ഥയെയും തകര്‍ത്തെറിഞ്ഞ പോരാട്ടം. ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിച്ച സൈനികശക്തി. ധൈര്യം കവചമാക്കി പോരാട്ടവീര്യം കൈമുതലാക്കി ഇന്ത്യന്‍ സൈനികര്‍ പോരാടി നേടിയ സമാനതകള്‍ ഇല്ലാത്ത വിജയത്തിന്റെ കഥയാണ് കാര്‍ഗിലിലേത്.
കാര്‍ഗിലെ മലമുകളില്‍ അപരിചിതരമായ ആളുകളെ ഹിമാലയത്തിലെ ആട്ടിടയന്മാര്‍ കണ്ടതോടെയാണ് പാക് ചതി പുറത്തായത്. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രു കൈവശപെടുത്തി. ആട്ടിടയന്മാര്‍ അത് ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചു. തിരിച്ചിലിന് പോയ 56 ബ്രിഗേഡിലെ സൈനികര്‍ തിരിച്ചെത്തിയത് രക്തത്തില്‍ കുളിച്ച്. രണ്ടാം തിരച്ചില്‍ സംഘത്തിലെ നിരവധിപേര്‍ മരിച്ചു. നിരീക്ഷണ പറക്കല്‍ നടത്തിയ യുദ്ധവിമാനങ്ങള്‍ പാക് സേന വെടിവെച്ചിട്ടു. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമെന്ന് സൈന്യം തിരിച്ചറിഞ്ഞു. പിന്നാലെ ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട് സൈനിക നടപടി.
മഞ്ഞുകാലത്ത് മലമുകളില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനികര്‍ പിന്‍വാങ്ങും. അത് മുതലെടുത്താണ് 1999 ഏപ്രില്‍ മാസത്തിന് ശേഷം നിയന്ത്രണരേഖ കടന്ന് പതിനഞ്ച് കിലോമീറ്ററോളും ദൂരം പാക് സൈന്യം എത്തിയത്. കാര്‍ഗില്‍ ജില്ലയിലെ ദ്രാസിലൂടെ കടന്നുപോകുന്ന ശ്രീനഗര്‍-ലേ ദേശീയപാതക്ക് അരികിലെ ടൈഗര്‍ ഹില്‍, തോലോലിംഗ് മലനിരകളില്‍ പാക് സൈന്യം താവളമുറപ്പിച്ചു.
മലമുകളില്‍ പാക് സൈന്യവും താഴെ ഇന്ത്യന്‍ സൈന്യവും. തുടക്കത്തില്‍ എല്ലാ പ്രതിരോധ നീക്കങ്ങളും പരാജയപ്പെട്ടു. ജൂണ്‍ മാസത്തോടെ പ്രത്യാക്രമണം ശക്തമാക്കി. ബോഫേഴ്‌സ് പീരങ്കികള്‍ ഇടവേളകളില്ലാതെ പ്രവര്‍ത്തിപ്പിച്ചു. 250000 ഷെല്ലുകളാണ് ട്രൈഗര്‍ ഹില്‍, തോലോലിംഗ്, ബട്ടാലിക് മലകള്‍ തിരിച്ചുപിടിക്കാന്‍ ബോഫേഴ്‌സ് പീരങ്കികള്‍ തൊടുത്തത്. രാവും പകലുമില്ലാത്ത പോരാട്ടം. ജീവന്‍ വെടിയാന്‍ സന്നദ്ധരായി മലമുകളില്‍ വലിഞ്ഞു കയറിയ ഇന്ത്യയുടെ ധീരന്‍മാര്‍ പാക് ബങ്കറുകള്‍ ഓരോന്നായി തകര്‍ത്തു. ഒടുവില്‍ തോലിംഗും ട്രൈഗര്‍ ഹില്ലും സൈന്യം തിരിച്ചുപിടിച്ചു. മലമുകളില്‍ ത്രിവര്‍ണ പതാക പാറിച്ചു.
72 ദിവസത്തോളം നീണ്ട പോരാട്ടത്തില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചത് 527 ജവാന്മാര്‍.1999 ജൂലൈ 14 ന് ഇന്ത്യ പാക്കിസ്താന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. രാജ്യത്തിന്റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കാര്‍ഗിലിലെ യുദ്ധവിജയം. 22 വര്‍ഷങ്ങള്‍ക്കിപ്പുറം ധീരസൈനികരുടെ ഓര്‍മ്മ പുതുക്കുകയാണ് രാജ്യം ഈ ദിവസം.