അഗ്നിശുദ്ധി വരുത്തി സുധി; ഇനി തിരിച്ച് അധ്യാപനത്തിലേക്ക്: വ്യാജ പോസ്‌കോയില്‍ കുരുക്കാന്‍ ശ്രമിച്ചവര്‍ ഇനി അകത്താവും 


 



കണ്ണൂര്‍: കണ്ണൂര്‍ കടമ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വ്യാജ പോക്‌സോ പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകന് ഒടുവില്‍ നീതി. അധ്യാപകനായ  പി.ജി.സുധിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയ പൊലീസ്, അധ്യാപകനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരില്‍ കേസെടുത്തിരുന്നു.

ഒരു വര്‍ഷവും രണ്ട് മാസവുമായി  പി.ജി.സുധി സസ്‌പെന്‍ഷനിലായിരുന്നു. എന്നെ ഒരു പോക്‌സോ കേസിലെ പ്രതിയായി മുദ്ര കുത്തി. സത്യം പലരും വിശ്വസിച്ചില്ല. ഞാന്‍ അതില്‍ നിന്നും രക്ഷപ്പെട്ടു. ഒന്നും ചെയ്തിട്ടില്ലെന്ന് തെളിഞ്ഞു. പക്ഷേ സമൂഹം അത് അറിയുന്നില്ലെന്ന് സുധി പറയുന്നു.  മയക്കുമരുന്നിന്റെ അടിമകളെപ്പോലെയുള്ള ആളുകളെ പോലെ എത്തുമെന്നും പതുങ്ങി കുട്ടികള്‍ ഡ്രസ് മാറ്റുന്ന റൂമിലേക്ക് കയറും, അസഭ്യം പറയും, തുറിച്ച് നോക്കും എന്നൊക്കെ ആരോപിച്ചാണ് പരാതി നല്‍കിയിരുന്നത്- സുധി പറയുന്നു.   

എനിക്കെതിരായ പരാതി പലവട്ടം പരാതി മാറ്റി എഴുതിയിട്ടുണ്ട്. പല കുട്ടികളും പൊലീസില്‍ പരാതിയില്‍ ഒപ്പിടുകയോ പരാതി വായിച്ച് നോക്കുകയോ പോലും ചെയ്തിട്ടില്ല. ഇല്ലാത്ത ആരോപണം വന്നതോടെ ആകെ മാനസിക ബുദ്ധിമുട്ടിലായി, ജീവിതം അവസാനിപ്പിക്കണമെന്ന് പലവട്ടം തോന്നി, സമൂഹത്തില്‍ എങ്ങനെ ജീവിക്കും എന്ന്  ആശങ്കയുണ്ടായിരുന്നു. പക്ഷേ രക്ഷകരായി പലരും വന്നു, അങ്ങനെയാണ് ജീവിതത്തിലേക്ക് തിരികെ എത്തുന്നത്- സുധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2022 ഒക്ടോബറില്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് നല്‍കിയ പോക്‌സോ പരാതിയിലാണ് അധ്യാപകനെതിരെ നടപടിയെടുക്കുന്നത്.  തുടക്കത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് രക്ഷിതാവ് ഹൈകോടതിയെ സമീപിച്ചു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് വീണ്ടും അന്വേഷിച്ചു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍  അത് കളളപ്പരാതിയെന്ന് എടക്കാട് പൊലീസ് കണ്ടെത്തി. സുധിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വിധിച്ചു.

മാനേജ്‌മെന്റിനും ചില അധ്യാപകര്‍ക്കും സുധിയോടുള്ള   വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് കണ്ടെത്തി. സ്‌കൂളിനെതിരായ വിജിലന്‍സ് കേസിലുള്‍പ്പെടെ അധ്യാപകന്‍ മൊഴി നല്‍കിയതായിരുന്നു പ്രകോപനം. വ്യാജ പരാതി നല്‍കിയതിന് രക്ഷിതാവിനെതിരെയും ഹെഡ്മാസ്റ്റര്‍ സുധാകരന്‍, അധ്യാപകന്‍ സജി,പിടിഎ പ്രസിഡന്റ് രഞ്ജിത് എന്നിവര്‍ക്കെതിരെയും പൊലീസ് സ്വമേധയാ കേസെടുത്തു. നിരപരാധിത്വം തെളിഞ്ഞതോടെ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കോടതി കയറി. ആവശ്യം ഹൈക്കോടതി തളളിയതോടെ കഠിനകാലം കഴിഞ്ഞ ആശ്വാസത്തിലാണ്  അധ്യാപകന്‍.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media