പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം
കൊച്ചി:പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത സ്വത്തിലും നികുതി വെട്ടിപ്പിലും അന്വേഷണം. ആദായ നികുതി വകുപ്പാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കൊച്ചി യൂണിറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് ആന്വേഷണം. മലപ്പുറം സ്വദേശി കെ.വി.ഷാജി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ആദായ നികുതി വകുപ്പ് നിലപാട് അറിയിച്ചത്.എംഎല്‍എ ആദായനികുതി വകുപ്പിന് നല്‍കിയ രേഖകളില്‍ വരുമാനമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സ്വത്ത് വിവരങ്ങള്‍ നല്‍കിയപ്പോള്‍ അതില്‍ 207 ഏക്കര്‍ ഭൂമി കൈവശമുള്ളതായി സത്യപ്രസ്താവന നല്‍കിയിരുന്നു. ഈ രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രവര്‍ത്തകനായ ഷാജി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇഡിക്കും ആദായ നികുതി വകുപ്പിനും നിവേദനം നല്‍കിയിരുന്നു പക്ഷേ നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ ഹര്‍ജിയിലാണ് നിലവിലെ തീരുമാനം.