ദില്ലി: പരസ്യ വിമര്‍ശനവും വിഭാഗീയതക്ക് എതിരായ താക്കീതും മറികടന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ശശി തരൂര്‍. രാഷ്ട്രീയ കോളിളക്കങ്ങളുണ്ടാക്കിയ മലബാര്‍ പര്യടനത്തിന് ശേഷം സ്വന്തം തട്ടകത്തിലെ പാര്‍ട്ടി സമരവേദിയിലും തരൂര്‍ സജീവമാകുകയാണ്. കോര്‍പറേഷന് മുന്നിലെ യുഡിഎഫ് സമരവേദിയില്‍ സ്ഥലം എംപിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച ഔദ്യോഗിക നേതൃത്വത്തിന് പരോക്ഷ മറുപടിയും നല്‍കി തരൂര്‍
മേയര്‍ക്കെതിരായ കത്ത് വിവാദം കത്തിപ്പടര്‍ന്നിട്ടും സ്വന്തം മണ്ഡലത്തിലെ പ്രതിഷേധ വേദികളില്‍ ശശി തരൂരിന്റെ അസാന്നിധ്യം എതിര്‍പക്ഷം ആയുധമാക്കുമ്പോഴാണ് പുതിയ നീക്കം, മലബാര്‍ പര്യടന വിവാദത്തിന് ശേഷം തലസ്ഥാനെത്തത്തിയ തരൂര്‍ വിമര്‍ശനങ്ങള്‍ക്കുള്ള പ്രതിരോധം തുടങ്ങി വച്ചു. അനിശ്ചിതകാല സമരപ്പന്തലില്‍ തരൂര്‍ എത്തി, ഒപ്പം വിമര്‍ശകര്‍ക്കുള്ള മറുപടിയും നല്‍കി.
ലോക്‌സഭയല്ല നിയമസഭ ലക്ഷ്യം വച്ചാണ് തരൂരിന്റെ നീക്കമെന്ന് ഉറപ്പിക്കുകയാണ് എതിര്‍ ചേരി. കത്ത് വിവാദവും വിഴിഞ്ഞം സമര വേദിയിലെ വത്യസ്ത നിലപാടും തുടങ്ങി പിണറായി മോദി സ്തുതികള്‍ വരെ കോണ്‍ഗ്രസ് വിരുദ്ധ സമീപനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പ്രതിരോധം. കോട്ടയത്തെ വേദിയടക്കം എ വിഭാഗം പിന്തുണ നല്‍കുമ്പോള്‍ തരൂര്‍ വിരുദ്ധ സമീപനത്തില്‍ ഒന്നിക്കുകയാണ് വിഡി സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍.കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടക്കം ഉടനുണ്ടെന്നിരിക്കെ തുടര്‍ വിവാദങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് കെ സുധാകരന്‍. കേരളത്തിലെ സാഹചര്യങ്ങള്‍ ഹൈക്കമാന്‍ഡും കരുതലോടെ വിലയിരുത്തുകയാണ്.