കൊച്ചി: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല. ഓര്‍ഡിനന്‍സ് സ്റ്റേ ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും.
പൊതു പ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ, ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലെ ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവര്‍ണറുടെ തീരുമാനം.