ഡൊമിനിക്കിന്റെ ക്രൂരതയില്‍ ഞെട്ടല്‍ മാറാതെ അയല്‍ക്കാര്‍




കൊച്ചി: സ്‌പോക്കണ്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ശാന്ത സ്വഭാവക്കാരന്‍ ഡൊമിനിക് മാര്‍ട്ടിന്‍ എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്തു എന്ന ഞെട്ടലിലാണ് കൊച്ചി തമ്മനത്തെ അയല്‍ക്കാര്‍. സഭയോടുള്ള അതൃപ്തി ഭാര്യയോട് സ്ഥിരമായി പറയാറുണ്ടെങ്കിലും ഭര്‍ത്താവിന്റെ മനസ്സിലെ ക്രൂരപദ്ധതിയെ പറ്റി ഭാര്യയ്ക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങി ഒറ്റയ്ക്ക് ഉഗ്രസ്‌ഫോടനം നടത്തിയതെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ പേരുടെ പങ്ക് പൊലീസ് പരിശോധിച്ച് വരികയാണ്.

കൊച്ചി ചിലവന്നൂരാണ് സ്വന്തം നാട്. പാലാരിവട്ടത്തെ ഒരു കേന്ദ്രത്തില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു ഡൊമിനിക് മാര്‍ട്ടിന്‍. അഞ്ചര വര്‍ഷമായി തമ്മനത്തെ വാടകവീട്ടിലാണ് താമസം. എന്നാല്‍  കൊവിഡിനെ തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്ക് പറന്നു. മടങ്ങി വന്നതിന് ശേഷം ഏതാനും മാസങ്ങളായി വീട്ടിലുണ്ട്. നീണ്ട വര്‍ഷങ്ങള്‍ യഹോവയുടെ സാക്ഷികള്‍ വിശ്വാസസമൂഹത്തോട് ചേര്‍ന്ന് നടന്നയാള്‍ ആറ് വര്‍ഷം മുന്‍പ് സഭയോട് തെറ്റിപ്പിരിഞ്ഞു.

അന്ന് മുതല്‍  ഈ അതൃപ്തി ഭാര്യയോട് നിരന്തരം പറയുമായിരുന്നു. എന്നാല്‍ മാര്‍ട്ടിന്റെ വികാരപ്രകടനമായി മാത്രമാണ് കുടുംബം അത് കണ്ടത്. എന്നാല്‍ പക ഉള്ളില്‍ തീയായി നിന്ന കാര്യം ഭാര്യയ്ക്ക് പോലും മനസ്സിലായില്ല. യുട്യൂബില്‍ ബോംബ് ഉണ്ടാക്കാന്‍ പഠിച്ച്, പ്രാര്‍ത്ഥന യോഗത്തില്‍ സ്‌ഫോടനം നടത്താന്‍, ഇയാള്‍ നടത്തിയത് മാസങ്ങളുടെ  ആസൂത്രണമെന്നാണ് പൊലീസ് പറയുന്നത്. കാഴ്ചയില്‍ വാക്കും ചിരിയും ഒതുക്കി നടന്ന് പോകുന്ന ഒരു മനുഷ്യന്‍ ഇതെങ്ങനെ നടത്തിയെടുത്തെന്ന് ഞെട്ടലോടെ ചോദിക്കുകയാണ് മാര്‍ട്ടിന്റെ അയല്‍ക്കാര്‍.

ഭാര്യയും മകള്‍ക്കൊപ്പമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തമ്മനത്ത് താമസിക്കുന്നത്. മകന്‍ യുകെയിലാണ്. കൃത്യമായി വാടക തരുമെന്ന് വീട്ടുടമയും പറയുന്നു. വലിയ സൗഹൃദങ്ങളോ സംസാരമോ ആരോടുമില്ല. വീട്ടില്‍ വരാറുള്ളത് അമ്മയും സഹോദരനും മാത്രം. ഊതികാച്ചിയ പകയുണ്ടെന്ന് പറയുമ്പോഴും കുറ്റമറ്റ ആസൂത്രണത്തില്‍ ഇയാള്‍ നടത്തിയെടുത്ത ക്രൂരതയ്ക്ക് മറ്റാരുടെ എങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നതിലും അന്വേഷണം തുടരുകയാണ്. പുലര്‍ച്ചെ ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി എവിടേക്ക് പോയി. അക്രമം നടന്ന ശേഷം ഇയാള്‍ സമീപ സ്റ്റേഷനുകള്‍ തെരഞ്ഞെടുക്കാതെ എന്തിന് തൃശൂര്‍ ജില്ലയിലെ കൊടകര സ്റ്റേഷനിലേക്ക് പോയി എന്നതിലടക്കം വ്യക്തത തേടുകയാണ് പൊലീസ്.

ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. വീട്ടില്‍ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്.

ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പൊലീസിനോട് പറഞ്ഞു. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. 

മറ്റൊരുടെയെങ്കിലും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ കളമശ്ശേരിയില്‍ എത്തും. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media