കൊളംബോ വഴി ഗള്‍ഫിലേക്ക്; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്
കൊച്ചി: കൊച്ചിയില്‍നിന്നു കൊളംബോ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. കൊളംബോ വഴി പോയാല്‍ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുണ്ട്.ടിക്കറ്റ് നിരക്കിലെ ലാഭം ചുരുങ്ങിയതു 30,000 രൂപയ്ക്കു മുകളിലാണ്.കൊച്ചിയില്‍നിന്നു ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ തിരക്കാണ്.
ലോക്ഡൗണിനുശേഷം ഒന്നരവര്‍ഷത്തിനുശേഷം ഈ കഴിഞ്ഞ ദിവസമാണു കൊച്ചി-കൊളംബോ സര്‍വീസ് പുനരാരംഭിച്ചത്.എയര്‍ബസ് എ321, 330-300 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.ജസീറ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്ബനികള്‍ കൊച്ചിയില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഈ വിമാനങ്ങളിലെല്ലാം ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്.
കൊച്ചിയില്‍നിന്നു രാവിലെ 10.15നു പുറപ്പെടുന്ന ശ്രീലങ്കന്‍ വിമാനം പ്രാദേശികസമയം 11.30ന് കൊളംബോയിലെത്തും. കൊച്ചിയില്‍നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് കൊളംബോയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുണ്ട്.