കോഴിക്കോട്: കോഴിക്കോട് അരയിടത്തു പാലത്തെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കെത്തുന്ന വാഹനങ്ങള്‍ കൂട്ടത്തോടെ റോഡരുകില്‍ നിര്‍ത്തിയിടുന്നു. ഇതു കാരണം മിനി ബൈപ്പാസില്‍ അരയിടത്തു പാലം ജംക്ഷനില്‍ ഗതാഗത കുരുക്ക് രൂക്ഷം. ബേബി മെമ്മോറിയലിന്റെ പുതിയ ബോക്കില്‍ മതിയായ പാര്‍ക്കിംഗ് സൗകര്യമില്ല. പരിമിതമായ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗിലേക്ക് ഡോക്ടര്‍മാര്‍, സ്റ്റാഫ് എന്നിവരുടെ വാഹനങ്ങള്‍ മാത്രമേ ഇവര്‍ കടത്തി വിടുകയുള്ളൂ. ഇതു കാരണം ആശുപത്രിയിലേക്കെത്തുന്ന വാഹനങ്ങള്‍ കൂട്ടത്തോടെ റോഡരുകില്‍ നിര്‍ത്തിയിടുന്നു. ആശുപത്രിയുടെ മുതല്‍ സരോവരം വരെ റോഡിന്റെ കിഴക്കു വശത്ത് ചിലപ്പോള്‍ വാഹനങ്ങളുടെ നിര നീളും.
മിനി ബൈപ്പാസില്‍ റോഡിന്റെ പടിഞ്ഞാറു വശത്ത് പലയിടത്തും സിറ്റി ട്രാഫിക് പോലീസ് നോ പാര്‍ക്കിംഗ് ബോര്‍ഡ് വച്ചിട്ടുണ്ട്. എന്നാല്‍ കിഴക്കു വശത്ത് നോ പാര്‍ക്കിംഗ് ബോര്‍ഡേയില്ല. ഇടക്കിടെ വഴിപാടു പോലെ ട്രാഫിക് പോലീസ് നിര്‍ത്തിയിട്ട വാഹനങ്ങളുടെ മേല്‍ ചാര്‍ജ്ഡ് സ്റ്റിക്കര്‍ ഒട്ടിച്ചു പോകും. എന്നാല്‍ ഇവര്‍ക്കിവിടെയൊരു നോ പാര്‍ക്കിംഗ് ബോര്‍ഡു സ്ഥാപിച്ചു കൂടെ? അതു ചെയ്യില്ല.അധികൃതരുടെ ഈ മൗനം ഉദ്ദിഷ്ടകാര്യ സിദ്ധിക്കുള്ള ഉപകാരസ്മരണയാണെന്നാണ് ജനങ്ങള്‍ പറയുന്നത്.