'ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും കൊതിക്കെറുവ്';
നേതാക്കള്‍ സ്വയം ചെറുതാകുന്നെന്ന് ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും കൊതിക്കെറുവെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ . പ്രശ്‌നങ്ങള്‍ പക്വമായി പരിഹരിക്കുന്നതിനു പകരം സ്വയം ചെറുതാകും വിധമുളള പ്രവര്‍ത്തനങ്ങളാണ് ഇരുനേതാക്കളില്‍ നിന്നും ഉണ്ടാകുന്നതെന്നും ഷിബു ബേബി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുവരും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
യുഡിഎഫില്‍ എക്കാലത്തും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ഷിബു ഇതാദ്യമായാണ് അദ്ദേഹത്തെ കടുത്ത ഭാഷയില്‍ തളളിപ്പറയുന്നത്. വി ഡി സതീശന്റെയും കെ സുധാകരന്റെയും നേതൃത്വത്തിന് പൂര്‍ണ്ണ പിന്തുണ പ്രകടിപ്പിക്കുകയാണ് ആര്‍എസ്പി നേതാവ്. സംഘടനാപരമായും പ്രതിപക്ഷം എന്ന നിലയില്‍ നിയമസഭയിലും മെച്ചപ്പെട്ട പ്രകടനം നടത്തുന്നതിനിടെ ഉമ്മന്‍ ചാണ്ടിയും രമേശും അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന പൊതുവികാരം മറ്റ് ഘടകക്ഷി നേതാക്കളിലും ഉണ്ടെന്നാണ് സൂചന. ഷിബുവിന്റെ തുറന്ന് പറച്ചിലിന് പിന്നാലെ കൂടുതല്‍ ഘടകക്ഷി നേതാക്കള്‍ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ പക്ഷം പിടിച്ച് രംഗത്തെത്താനും സാധ്യത ഏറെയാണ്.