റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ; എം.കെ സ്റ്റാലിന്‍
ചെന്നൈ:റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നല്‍കും. റോഡപകടങ്ങളില്‍ ഇരയായവരുടെ ജീവന്‍ രക്ഷിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനത്തുടനീളമുള്ള 408 സ്വകാര്യ ആശുപത്രികളും 201 സര്‍ക്കാര്‍ ആശുപത്രികളിലുമാണ് 'എന്‍ ഉയിര്‍ കാപ്പോന്‍' പദ്ധതി നടപ്പാക്കുന്നത്. അപകടത്തില്‍പ്പെടുന്നവര്‍ക്ക് സുവര്‍ണ മണിക്കൂറില്‍ ചികിത്സ നല്‍കുന്നതിനും വിലയേറിയ മനുഷ്യ ജീവന്‍ രക്ഷിക്കലുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സംസ്ഥാനം സന്ദര്‍ശിക്കുന്ന മറ്റുള്ളവര്‍ക്കും സൗജന്യ വൈദ്യസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സ്‌കീം 81 അംഗീകൃത ലൈവ് സേവിംഗ് നടപടിക്രമങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇരയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. കൂടാതെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (CMCHIS) ഗുണഭോക്താക്കളും അംഗങ്ങളല്ലാത്തവരും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടും. CMCHIS-ന്റെ ഗുണഭോക്താക്കള്‍ക്ക് അതേ ആശുപത്രിയില്‍ ചികിത്സ തുടരാന്‍ അനുവദിക്കുമെന്നും ഈ പദ്ധതിയിലോ ഏതെങ്കിലും ഇന്‍ഷുറന്‍സ് പദ്ധതിയിലോ ഉള്‍പ്പെടാത്തവര്‍ക്ക് അവരുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി ചികിത്സ നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.