കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ജിഎസ്ടി വരുമാനം ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡെല്‍ഹി: കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ജിഎസ്ടി വരുമാനം ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍.നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ തന്നെ ബജറ്റ് എസ്റ്റിമേറ്റിന്റെ 26.6 ശതമാനം കൈവരിച്ചതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടി രൂപയാണ്. 2021- 22 സാമ്പത്തികവര്‍ഷം ലക്ഷ്യമിട്ടിരിക്കുന്ന 6.30 ലക്ഷം കോടിയുടെ 26.6 ശതമാനമാണിതെന്നും ലോക്‌സഭയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി ധനകാര്യ മന്ത്രി പങ്കജ് ചൗധരി പറഞ്ഞു. കേന്ദ്ര ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി, കോമ്പന്‍സേഷന്‍ സെസ് എന്നിവ ഉള്‍പ്പെടെയാണിത്.
202021 സാമ്പത്തിക വര്‍ഷത്തില്‍, മൊത്തം ജിഎസ്ടി ശേഖരം 5.48 ലക്ഷം കോടി രൂപയിലധികമായിരുന്നു, ഇത് പുതുക്കിയ ബജറ്റ് കണക്കായ 5.15 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലായിരുന്നു.2019-20 ല്‍, 5.98 ലക്ഷം കോടി രൂപയിലധികമായിരുന്നു ജിഎസ്ടി വരുമാനം. പുതുക്കിയ ബജറ്റ് ലക്ഷ്യത്തിന്റെ 97.8 ശതമാനമായിരുന്നു ഇത്. ഇ-ഇന്‍വോയ്‌സ് സംവിധാനം, നിര്‍ബന്ധിത ഇ-ഫയലിംഗ്, നികുതികളുടെ ഇ-പേയ്‌മെന്റ്, കാലതാമസം നേരിടുന്നതിനുള്ള പിഴ, സംസ്ഥാന വാറ്റ്,ആദായ നികുതി,നികുതി റിട്ടേണുകളുടെ പതിവ് നിര്‍വ്വഹണവും പരിശോധനയുമെല്ലാം ജിഎസ്ടി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.വ്യാജ ബില്ലുകള്‍ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനയും ഡേറ്റകള്‍ വിശകലനംചെയ്തുള്ള പ്രവര്‍ത്തനരീതിയും വരുമാനം ഉയരാന്‍ കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചരക്കുനീക്കം പരിശോധിക്കുന്നതിനായി ഇ- വേ ബില്ല് സ്‌ക്വാഡുകള്‍ സജീവമാക്കിയതായും മന്ത്രി അറിയിച്ചു.
അതിനിടെ 2021-22 ജൂണ്‍ പാദത്തില്‍ 4000 കോടിയിലധികം രൂപയുടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) തട്ടിപ്പ് കണ്ടെത്തിയതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. 31,233 കോടി രൂപയുടെ 7,268 ഐടിസി തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍, 4,002 കോടി രൂപയുടെ 818 തട്ടിപ്പ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു നേരത്തേ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 35,000 കോടി രൂപയിലേറെ വരുന്ന വ്യാജ ഇന്‍പുട്ട് ടാക്‌സുകള്‍ ഉള്‍പ്പെട്ട എണ്ണായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.426 പേരാണ് ഇതുവരെ അറസ്റ്റിലായതെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍, അഭിഭാഷകര്‍, ഗുണഭോക്താക്കള്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായതെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം കൊവിഡ് വ്യാപനത്തിനിടയിലും ജൂലായില്‍ രാജ്യത്തെ ജിഎസ്ടി വരുമാനം ഉയര്‍ന്നിരുന്നു. 1,16,393 കോടിയായിരുന്നു വരുമാനം. അതില്‍ കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 28,541 കോടി രൂപയും, സംയോജിത ജിഎസ്ടി 57,864 കോടി രൂപയുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ 33ശതനാനം കൂടുതലായിരുന്നു ഇത്. ജൂലൈ മാസത്തില്‍ റെഗുലര്‍ സെറ്റില്‍മെന്റിന് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം, കേന്ദ്ര ജിഎസ്ടി ഇനത്തില്‍ 50,284 കോടി രൂപയും, സംസ്ഥാന ജിഎസ്ടി ഇനത്തില്‍ 52,641 കോടി രൂപയുമായിരുന്നു.അതേസമയം ജിഎസ്ടി ശേഖരണം, തുടര്‍ച്ചയായി എട്ട് മാസ കാലയളവില്‍ 1 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ രേഖപ്പെടുത്തിയ ശേഷം 2021 ജൂണില്‍ ഒരു ലക്ഷം കോടി രൂപയില്‍ താഴെയായത് ആശങ്ക സൃഷ്ടിച്ചിരുന്നു.