തിരുവനന്തപുരം: കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടില്‍ വിളിച്ചുവരുത്തിയ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ ന്യായീകരിച്ച ഐഎഎസ് അസോസിയേഷന്റെ പ്രസിഡണ്ടിനെതിരെ പ്രതിഷേധം. ബി അശോകിന്റെ ലേഖനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിപിഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലും ഡോക്ടര്‍മാരും രംഗത്തുണ്ട്.
ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടും ഒതുങ്ങാതെ കുഴിനഖ ചികിത്സ വിവാദം മുന്നോട്ട് പോവുകയാണ്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ വീട്ടില്‍ വരുത്തിയ കളക്ടറുടെ നടപടി ന്യായീകരിക്കുന്നതിനെതിരെയാണ് പ്രതിഷേധം. കളക്ടറെ ന്യായീകരിച്ചും ഡോക്ടര്‍മാരെ വിമര്‍ശിച്ചും ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റും കൃഷി വകുപ്പ് സെക്രട്ടറിയുമായ ബി.അശോക് പത്രത്തില്‍ ലേഖനമെഴുതിയിരുന്നു. ചികിത്സയ്ക്കായി ഡോക്ടറെ വിളിച്ചു വരുത്തിയതില്‍ ചട്ടലംഘനമില്ലെന്നായിരുന്നു അശോകിന്റെ വാദം. ചാനല്‍ ചര്‍ച്ചയില്‍ കളക്ടറെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിനെതിരെയും ലേഖനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.
നിയന്ത്രിക്കേണ്ട ജല്പനങ്ങള്‍ എന്ന പേരിലായിരുന്നു ലേഖനം. ആരോഗ്യസെക്രട്ടറി ഇടപെട്ടതോടെ അനുനയത്തിലായ ഡോക്ടര്‍മാര്‍ ലേഖനത്തിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റിട്ട് പ്രതിഷേധിച്ചു. ആള്‍ ഇന്ത്യ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കളക്ടറുടേത് തെറ്റായ നടപടിയെന്നാണ് ഡോക്ടര്‍മാരുടെ വാദം. വീടിന് അടുത്ത് ആശുപത്രിയില്ലെങ്കിലോ, ഗുരുതരാവസ്ഥയിലാണെങ്കിലോ, ദൂരസ്ഥലത്താണെങ്കിലോ മാത്രമേ ഡോക്ടറെ വീട്ടില്‍ വിളിച്ചു വരുത്താനാകൂ എന്നാണ് ചട്ടമെന്ന് ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിക്കുന്നു. കളക്ടറുടെ ചട്ടലംഘനത്തോട് പ്രതിഷേധിച്ച ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടായാല്‍ കടുത്ത നടപടികളിലേക്ക് കെജിഎംഒഎ കടക്കും.
ചാനല്‍ ചര്‍ച്ചയില്‍ കളക്ടറെ വിമര്‍ശിച്ചതിനാണ് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗലിന് കഴിഞ്ഞ ദിവസം റവന്യു സെക്രട്ടറി ചാര്‍ജ് മെമ്മോ നല്‍കിയത്. ബി അശോകിന്റെ ലേഖനം ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയചന്ദ്രന്‍ കല്ലിംഗല്‍ മറുപടി നല്‍കുകയെന്നാണ് വിവരം.